മിഡ് വൈഫ് കോഴ്‌സുകളിലേക്കും നഴ്‌സിംഗ് കോഴ്‌സുകളിലേക്കും സ്ത്രീകൾക്കുള്ള പ്രവേശനം നിരോധിച്ച് താലിബാൻ ഭരണകൂടം. ഇത് രാജ്യത്തെ തുടർവിദ്യാഭ്യാസത്തിലേക്കുള്ള സ്ത്രീകളുടെ അവസാന സാധ്യതയും അടയ്ക്കുന്നതാണെന്ന് ആരോപിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാനിസ്ഥാനിലുടനീളമുള്ള അഞ്ച് വ്യത്യസ്ത സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ താലിബാൻ നിർദേശം നൽകിയതായി ബി. ബി. സി. സ്ഥിരീകരിച്ചു. വാർത്ത കേട്ട് വിദ്യാർഥികൾ കരയുന്ന വീഡിയോകളും ബി. ബി. സി. ഓൺലൈനിൽ പങ്കിട്ടു. 2021 ഓഗസ്റ്റ് മുതൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നേടാൻ അനുവദിക്കാത്ത താലിബാന്റെ വിശാലമായ നയത്തിന്റെ ബാക്കിപത്രമാണ് ഈ അടച്ചുപൂട്ടൽ.

സ്ത്രീകൾക്കെതിരായ ഓരോ നടപടിയും കൊണ്ടുവന്നതിനുശേഷം പാഠ്യപദ്ധതി ഇസ്ലാമികമാണെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ നിരവധി പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ അവരെ വീണ്ടും സ്കൂളിൽ പ്രവേശിപ്പിക്കുമെന്ന് താലിബാൻ ഉറപ്പുനൽകുന്നു. എന്നാൽ ഇത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. ഇത് ഒരു മുടന്തൻന്യായം മാത്രമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

വിദ്യാഭ്യാസം തേടുന്ന സ്ത്രീകൾക്ക് ഇപ്പോഴും തുറന്നിരിക്കുന്ന ചുരുക്കം ചില വഴികളിലൊന്ന് നഴ്സുമാരോ, മിഡ് വൈഫുകളോ ആകാൻ പഠിക്കാൻ കഴിയുന്ന രാജ്യത്തെ തുടർ വിദ്യാഭ്യാസ കോളേജുകളിലൂടെയായിരുന്നു. സ്ത്രീകൾക്കുമേലുള്ള താലിബാൻ സർക്കാരിന്റെ നിയന്ത്രണങ്ങൾക്കുകീഴിൽ സ്ത്രീകൾക്ക് പിന്തുടരാൻ കഴിയുന്ന ഒരേയൊരു തൊഴിലും മിഡ്വൈഫറിയും നഴ്സിംഗും മാത്രമായിരുന്നു. ഒരു പുരുഷ രക്ഷാകർത്താവ് ഇല്ലെങ്കിൽ പുരുഷവൈദ്യന്മാർക്ക് സ്ത്രീകളെ ചികിൽസിക്കാൻ അനുവാദമില്ലാത്തതിനാൽ ഇത് നിർണ്ണായകമായിരുന്നു. ഇതിനാണ് താലിബാൻ തടയിട്ടിരിക്കുന്നത്.