കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതര പീഡന ആരോപണവുമായി പല നടിമാരും രംഗത്തെത്തിയിട്ടുണ്ട്. സിദ്ധിഖ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയെല്ലാം പരാതി ഉയർന്നിട്ടുണ്ട്. അതിനിടയിൽ ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനിടയിലും ദിലീപ് കേസ് ചർച്ചയാക്കുന്നതിനെതിരെ രംഗത്തെത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനൽ ഇപ്പോൾ ഈ കേസ് വീണ്ടും വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടെന്ന് ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ശാന്തിവിള പറഞ്ഞു.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ നി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി പ്രതിപാദിക്കുന്നത് കേട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനിടെ അതിനെ കുറിച്ച് പറയേണ്ട കാര്യമില്ല. പക്ഷെ അദ്ദേഹം പറഞ്ഞു എത്ര വമ്പനായാലും പിടിച്ച് അകത്തിടുമെന്ന്. ഞാൻ ഇപ്പോൾ ദിലീപിനെ കുറിച്ച് സംസാരിക്കുമ്പോൾ ദിലീപ് എനിക്ക് ചിലവിന് തന്നുവെന്നൊക്കെ പറഞ്ഞ് ചിലർ വരും. അതിനെയൊന്നും ഞാൻ കാര്യമാക്കുന്നില്ല.എനിക്ക് ദിലീപിന്റെ എന്നല്ല ഒരുത്തന്റേയും കാശ് ആവശ്യമില്ല.

ഡിസംബറിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരും. ആ വിധി എന്താകുമെന്ന് കേസ് അന്വേഷിച്ച മുഖ്യമന്ത്രിക്കും കേസന്വേഷിച്ച ഉദ്യോഗസ്ഥർക്കും ഡബ്ല്യുസിസിയിലെ നാലഞ്ച് മുഖങ്ങൾക്കും അറിയാം എന്നാണ് വിശ്വാസം. ഈ കേസിൽ ദിലീപിനെ കണക്ട് ചെയ്യാവുന്ന ഒരു തെളിവും എന്റെ മുൻപിൽ വന്ന ഫയലിൽ ഉണ്ടായിട്ടില്ലെന്നാണ് അന്നത്തെ ഡിജിപിയായ ടിപി സെൻകുമാർ പറഞ്ഞത്. ജയിലിന് അകത്ത് കിടക്കുന്ന പ്രതി ദിലീപിനെ വിളിച്ച് ഒന്നരക്കോടി ചോദിക്കുന്നു. തന്നില്ലെങ്കിൽ ദിലീപിന്റെ പേര് പറഞ്ഞ് രണ്ട് കോടി തരാൻ ആളുണ്ടെന്ന് പറയുന്നു. ഈ ഫോൺ കോൾ റെക്കോഡ് ചെയ്ത് പുതിയ ഡിജിപിയായ ലോക്നാഥ് ബെഹ്റ സാറിന് കൊടുക്കുന്നു. എന്നിട്ടും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു.

ജയിലിന് അകത്ത് നിന്ന് സുനിക്ക് എങ്ങനെ ഫോൺ കിട്ടിയെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. ദിലീപിന്റേയും നാദിർഷയുടേയും നമ്പർ സുനിക്ക് കൊടുത്തത് പോലീസുകാരല്ലേ. 87 ദിവസമാണ് കേസിൽ ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ഇതുവരെ രണ്ട് മാസത്തോളമായി വിസ്തരിക്കുന്നു. ഇനി കുറച്ച് ദിവസം കൂടിയുണ്ട്. അതുകഴിഞ്ഞാൽ 7 പേരെ കൂടി വിസ്തരിക്കും. അത് കോടതി അനുവദിക്കുമോയെന്ന് അറിയില്ല. അതുകഴിഞ്ഞാൽ പ്രതികൾ പറഞ്ഞ കാര്യങ്ങൾ സാക്ഷിയോട് ചോദിക്കും. ഇതിന് ഒരു മാസം സമയം എടുക്കും. അത് കഴിഞ്ഞാൽ വിധി വരും.

മരംമുറി ചാനലിൽ നടി ആക്രമിക്കപ്പെട്ട കേസ് എടുത്ത് അലക്കുന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകൻ നടിയുടെ ബന്ധുവാണ്. അമ്മാവന്റെ മകനാണ്. അക്കാര്യം മറച്ച് വെച്ചാണ് അയാൾ പത്രധർമ്മം പറഞ്ഞ് വാചാലനാകുന്നത്. കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളൊക്കെ കോടതി തന്നെ തള്ളിയതാണ്. എന്നിട്ട് പോലും നുണപ്രചരണം നടക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് ലൈംലൈറ്റിൽ നിർത്താനാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുമ്പോഴും ദിലീപിനെ കുറിച്ചൊക്കെ ചർച്ച നടക്കുന്നത്. ഇത് മരംമുറിച്ചാനലിലെ അവതാരകനും വനിതാ സംഘടനയ്ക്കും ആവശ്യമാണ്’, ശാന്തിവിള ദിനേശ് പറഞ്ഞു.