തെക്ക്-പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലെ വാദിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ജസാന് തെക്ക് സംസം ഗ്രാമത്തിനടുത്തുള്ള വാദി ബിന്‍ അബ്ദുല്ലയിലാണ് സംഭവമെന്ന് സൗദി ന്യൂസ് പോര്‍ട്ടല്‍ സബ്ക് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ജസാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉടര്‍ന്നു.

കഴിഞ്ഞ ദിവസം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാദിയില്‍ മുങ്ങിമരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെടുത്തിരുന്നു. രണ്ട് കുട്ടികളും 35 വയസ്സുള്ള ഒരു പുരുഷനുമാണ് അപകടത്തില്‍പ്പെട്ടത്. നേരത്തേ ജസാനിലെ സബിയ, അബു ആരിഷ് ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്നാണ് ദമ്പതികള്‍ മരിച്ചിരുന്നു.

അതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ ജസാനില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇടിമിന്നലില്‍ ജസാനിലെ നൂറുകണക്കിന് വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയതായി സൗദി പത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തതായി സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും പൊടി നിറഞ്ഞ കാറ്റും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങാനും വെള്ളം കെട്ടിക്കിടക്കുന്നതും വാദികളും ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ചക്കകം വീണ്ടും കനത്ത മഴ പെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അസീര്‍, അല്‍ബഹ, ജീസാന്‍, മക്ക തുടങ്ങിയ മേഖലകളിലാണ് മഴ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലേക്കും ചൊവ്വാഴ്ചക്കകം മഴയെത്തും. മദീന, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നജ്റാന്‍, മദീന, വാദി ദവാസിര്‍, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ സൗദിയിലെ ഹൈറേഞ്ചുകളില്‍ റെഡ് അലേര്‍ട്ട് തുടരും. രാജ്യത്തെ പ്രവാസികളും, പൗരൻമാരും ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.