ക്രിസ്തുമസിൽ സാന്താക്ളോസുകൾ സാധാരണമാണ്. കഴിഞ്ഞ 60 വർഷമായി എല്ലാ ഡിസംബറിലും ന്യൂ ജേഴ്സിയിയിലെ ബയോണിലും ക്രിസ്തുമസ് ആഘോഷങ്ങളിൽ സാന്താക്ളോസുണ്ട്. പക്ഷേ, ഇതല്പം വ്യത്യസ്തമാണ്. ഇവിടെ കഴിഞ്ഞ 60 വർഷമായി ഒരേ ഒരാൾ തന്നെയാണ് അങ്കിൾ സാന്താ ആയി എത്തുന്നത്. ഇപ്പോൾ 85 വയസ്സുള്ള എഡ് ബ്രോഡെറിക്, കഴിഞ്ഞ 60 വർഷമായി ന്യൂജേഴ്‌സിയിലെ ബയോണിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ സാന്താക്ലോസായി വേഷമിടുന്നു.

ഈ വർഷം, ബ്രോഡെറിക്, ബയോൺ ഫയർ ഡിപ്പാർട്ട്‌മെന്റ് ട്രക്കിന്റെ പിന്നിൽ കയറി, ലൈറ്റുകൾ മിന്നുന്ന, സൈറണുകൾ മുഴങ്ങുന്ന നഗരത്തിലെ വാർഷിക ക്രിസ്തുമസ് ട്രീ ലൈറ്റിംങ് ചടങ്ങിലേക്ക് എത്തിച്ചേർന്നു. പ്രാദേശത്തെ കുടുംബങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഡസൻ കണക്കിന് കുട്ടികൾ അദ്ദേഹത്തിന്റെ മടിയിൽ ഇരുന്ന് അവരുടെ ക്രിസ്മസ് ആശംസകൾ അറിയിച്ചു.

“പ്രത്യേകിച്ച് എനിക്ക് പ്രായമാകുമ്പോൾ, എന്റെ ദിവസത്തിൽ നിന്ന് ഒരു മിനിറ്റ് പോലും സന്തോഷം നഷ്ടപ്പെടുത്താൻ ഞാൻ ആരെയും അനുവദിക്കാറില്ല,” എന്തുകൊണ്ടാണ് ഈ വേഷത്തിൽ ഉറച്ചുനിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ ബ്രോഡെറിക് പറഞ്ഞു.

ബ്രോഡെറിക് ജനിച്ചു വളർന്നത് ബയോണിലാണ്. പിന്നീട് അദ്ദേഹം അവിടെ നഗരത്തിൽ ഒരു ജീവനക്കാരനായി തന്റെ കരിയർ ചെലവഴിച്ചു. പ്രാദേശിക ആഘോഷങ്ങളിൽ സന്തോഷം പകരുന്നതിനു പുറമേ, പ്രദേശത്തെ വെറ്ററൻസ് ആശുപത്രികൾ, കാൻസർ സപ്പോർട്ട് ഗ്രൂപ്പുകൾ, നഴ്സറി സ്കൂളുകൾ, കിന്റർഗാർട്ടൻ ക്ലാസുകൾ എന്നിവിടങ്ങളിൽ സാന്തയായി ബ്രോഡെറിക് എത്താറുണ്ട്.

ഒരു കത്തോലിക്കനും നൈറ്റ്സ് ഓഫ് കൊളംബസിലെ അംഗവുമാണ് ബ്രോഡെറിക്. വ്യത്യസ്തമായ ഒരു തൊഴിൽ കണ്ടെത്തിയെങ്കിലും, തന്റെ എല്ലാ ദിവസവും പ്രാർത്ഥനയോടെയാണ് അദ്ദേഹം ആരംഭിക്കുന്നത്. രാവിലെ പല്ല് തേക്കുന്നതിനോ കാപ്പി ഉണ്ടാക്കുന്നതിനോ മുമ്പായി, അദ്ദേഹം ഒരു ജപമാല ചൊല്ലുന്നു. “ഞാൻ ജപമാല ചൊല്ലാൻ തുടങ്ങിയ കാലം മുതൽ, എന്റെ ജീവിതത്തിലെ എല്ലാം രൂപപ്പെട്ടതായി തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

ഈ സമയത്ത്, ക്രിസ്തുമസിൽ ക്രിസ്തുവിനെ നിലനിർത്തണമെന്ന് ബ്രോഡെറിക് വാദിക്കുന്നു. “ക്രിസ്തുമസ്” എന്നതിനെ “X-mas” എന്ന് ചുരുക്കി വിളിക്കുന്നതിനെ പോലും അദ്ദേഹം എതിർക്കുന്നു. “അത് ഒരുതരം അസ്വസ്ഥത ഉണ്ടാക്കുന്നു. ഇപ്പോൾ എല്ലാവരും ക്രിസ്തുമസിൽ നിന്നും ക്രിസ്തുവിനെ നീക്കം ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു. “എനിക്ക് തോന്നുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രിസ്തുവിനെ നിങ്ങളുടെ മനസ്സിൽ, ചിന്തകളിൽ, പ്രവൃത്തികളിൽ, എല്ലാത്തിലും നിലനിർത്തുക എന്നതാണ്” അദ്ദേഹം പറയുന്നു.