പ്രമുഖ ആണവവിരുദ്ധ പ്രവര്‍ത്തക ഡോ. സംഘമിത്ര ഗാഡേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ ഗുജറാത്തിലെ സൂറത്ത് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഗാന്ധിജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ചെറുമകളും പ്രമുഖ ഗാന്ധിയന്‍ നാരായണ്‍ ദേശായിയുടെ മകളും ഗാന്ധിയനുമായ സംഘമിത്ര ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിരന്തരമായി പഠനം നടത്തുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ താപി ജില്ലയിലെ സമ്പൂര്‍ണക്രാന്തി വിദ്യാലയത്തില്‍ അഞ്ച് പതിറ്റാണ്ടായി ഗാന്ധിയന്‍ രചനാത്മക പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തുന്നുണ്ട്. രാജസ്ഥാനിലെ റാവത്ഭാട്ട ആണവനിലയം, ജതുഗുഢയിലെ യുറേനിയം ഖനന കേന്ദ്രം എന്നിവ സൃഷ്ടിക്കുന്ന ആണവ വികിരണങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ജീവിതപങ്കാളിയും ആണവ ശാസ്ത്രജ്ഞനുമായ ഡോ. സുരേന്ദ്ര ഗാഡേക്കറോടൊപ്പം ചേര്‍ന്ന് വിപുലമായ സര്‍വേകള്‍ നടത്തുകയും പഠനവിവരങ്ങള്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചീമേനിയില്‍ നടന്ന ആണവവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ സുരേന്ദ്ര ഗഡേക്കറെ കാത്തിരുന്നത് അവരുടെ വിയോഗവാര്‍ത്തയായിരുന്നു. 90 കളുടെ ആദ്യത്തില്‍ കേരളത്തിലെ പെരിങ്ങോത്ത് നടന്ന ആണവവിരുദ്ധ സമരത്തില്‍ സംഘമിത്ര സജീവമായി ഇടപെട്ടിരുന്നു. ഇന്ത്യയിലെ സമാന്തര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്‍നിരയിലും നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള ഡോ. സംഘമിത്ര, 1989-ല്‍ കോഴിക്കോട്ട് നടന്ന വനിതാപ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനത്തിലും സജീവമായി പങ്കെടുത്തു.
ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രിയായ നബകൃഷ്ണ ചൗധരിയുടെയും ഭരണഘടനാസമിതി അംഗമായിരുന്ന മാലതീദേവി ചൗധരിയുടെയും ചെറുമകളാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഡോ. സംഘമിത്ര. മകള്‍: ചാരുസ്മിത ഗഡേക്കര്‍.