മഹാരാഷ്ട്രയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഗർഭിണിയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിന് പകരം ഹൈഡ്രോ ക്ലോറിക് ആസിഡ് പുരട്ടിയതായി പരാതി. ജൽനയിലെ ബൊകാർദൻ റൂറൽ ആശുപത്രിയിലാണ് ഷീല ബലേറാവു എന്ന യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. ആസിഡ് പുരട്ടിയതിനെ തുടർന്ന് യുവതിയുടെ വയറ്റിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസവത്തിനായി ആശുപത്രിയിലെത്തിയതായിരുന്നു ഷീല. ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അബദ്ധത്തിൽ മെഡിക്കൽ ട്രേയിൽ വെച്ച ആസിഡ് കുപ്പിയാണ് നഴ്‌സുമാർക്ക് മാറിപ്പോയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത് ഗുരുതരമായ പിഴവാണെന്ന് ജില്ലാ സിവിൽ സർജൻ ഡോ. ആർ.എസ്. പാട്ടീൽ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിലവിൽ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.



