സുഡാനിലെ അക്രമത്തെ അപലപിച്ച് ലെയോ പതിനാലാമൻ പാപ്പ. അതേസമയം, സുഡാനിൽ അടിയന്തര വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ തുറക്കുന്നതിനും മാർപാപ്പ അഭ്യർഥിച്ചു. ഡാർഫറിലെ അൽ-ഫാഷിർ നഗരത്തിൽ നടക്കുന്ന ഭീകരമായ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ താൻ അതീവദുഃഖത്തോടെയാണ് കാണുന്നതെന്നും പാപ്പ വെളിപ്പെടുത്തി.

“സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിവേചനരഹിതമായ അക്രമം, പ്രതിരോധിക്കാൻ ശേഷിയില്ലാത്ത സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഗുരുതരമായ തടസ്സങ്ങൾ എന്നിവ വളരെയധികം കഷ്ടപ്പാടുകൾക്കു കാരണമാകുന്നു” – സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയ വിശ്വാസിസമൂഹത്തോട് പാപ്പ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി നിർണ്ണായകമായും ഉദാരമായും പ്രവർത്തിക്കാൻ പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

അതേസമയം, ഡാർഫറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാനത്തെ പ്രധാനകേന്ദ്രമായ അൽ-ഫാഷിറിനെ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് കഴിഞ്ഞ മാസം അവസാനം പിടിച്ചെടുത്തപ്പോൾ സാധാരണക്കാരും നിരായുധരുമായ നൂറുകണക്കിന് പോരാളികളും കൊല്ലപ്പെട്ടിരിക്കാമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വെള്ളിയാഴ്ച പറഞ്ഞു.

സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടര വർഷങ്ങൾ പിന്നിടുമ്പോൾ ഏകദേശം 1,50,000 ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.