ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ജനുവരി 22 ന് തന്റെ പൊതുസദസ്സിൽ ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠനപരമ്പരയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
യേശുക്രിസ്തുവിന്റെ ജനനത്തെയും മംഗളവാർത്തയെയും കുറിച്ചുള്ള വി. ലൂക്കായുടെ സുവിശേഷത്തിലെ വിവരണത്തെ വ്യാഖ്യാനിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവവചനത്തെ സ്വാഗതം ചെയ്തുകൊണ്ട്, കർത്താവിന്റെ സാന്നിധ്യത്തിൽ നിരന്തരം ജീവിക്കാൻ മാർപാപ്പ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു. “മറിയം രക്ഷാകരപദ്ധതിയിൽ സഹകാരിയായത് ഒരു അടിമയെപ്പോലെയല്ല, മറിച്ച് പിതാവായ ദൈവത്തിന്റെ സഹകാരി എന്ന നിലയിലാണ്” – പാപ്പ വെളിപ്പെടുത്തി.
വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അന്താരാഷ്‌ട്ര തീർഥാടകസംഘങ്ങളെ പാപ്പ അഭിവാദ്യം ചെയ്തു. ഇപ്പോഴും കാട്ടുതീയിൽ ദുരിതമനുഭവിക്കുന്ന ലോസ് ഏഞ്ചൽസിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. ഉക്രൈൻ, മ്യാൻമർ, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ സമാധാനം സംജ്ജാതമാകുന്നതിനായി പ്രാർഥിക്കാനും മാർപാപ്പ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിനെത്തുടർന്ന് ഗാസയിലെ ഇടവകയിലേക്ക് താൻ വിളിച്ചെന്നും പാപ്പ വെളിപ്പെടുത്തി.