കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് അനുവദിച്ച കൂട്ടപരോൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഹൈക്കോടതി ഉത്തരവിൽ പരോൾ വ്യവസ്ഥയിലെ മാറ്റം മാത്രമാണ് പരാമർശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് നേരിട്ടാണ് പത്ത് പ്രതികൾക്കും പരോൾ അനുവദിച്ചതെന്നും രേഖകൾ സൂചിപ്പിക്കുന്നു.
കോടതി ഉത്തരവ് പ്രകാരമാണ് പരോൾ അനുവദിച്ചതെന്നായിരുന്നു നേരത്തെ നൽകിയ വിശദീകരണം. എന്നാൽ ലോക്കൽ പൊലീസിന്റെയും പ്രൊബേഷൻ ഓഫീസറുടെയും റിപ്പോർട്ട് തേടാതെയാണ് നടപടി സ്വീകരിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതോടെ പരോൾ നടപടികളുടെ നിയമസാധുത സംബന്ധിച്ച് ചർച്ചകൾ ശക്തമായി.
2019 ഫെബ്രുവരി 17ന് പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പത്ത് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു വിധി.സംഭവത്തിൽ പത്ത് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു



