2024 ലെ പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിന് ശേഷം സർക്കാർ ജോലിക്കുള്ള ഓഫർ നിരസിക്കാൻ തീരുമാനിച്ചതിൻ്റെ പ്രധാന കാരണം ഇന്ത്യയുടെ ഷൂട്ടിംഗ് താരം സരബ്ജോത് സിംഗ് വെളിപ്പെടുത്തി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഭാക്കർ- സരബ്ജോത് സഖ്യമാണ് മൂന്നാം സ്ഥാനം നേടിയത്. വ്യക്തിഗത മത്സരത്തിൽ മെഡൽ റൗണ്ടിലെത്തുന്നതിന് മുമ്പേ സരബ്ജോത് പുറത്തായിരുന്നു.
മിക്സഡ് ടീം ഇനത്തിലെ വെങ്കല മെഡൽ നേട്ടത്തോടെ സരബ്ജോത്തിൻ്റെ പ്രകടനത്തിന് ആരാധകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. പാരിസിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സരബ്ജോത്തിന് ഹരിയാന സർക്കാർ അഭിനന്ദന സൂചകമായി ജോലി നൽകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ അത് സ്നേഹപൂർവ്വം നിരസിക്കാൻ സരബ്ജോത് തീരുമാനിക്കുകയായിരുന്നു. ഷൂട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇപ്പോൾ ജോലി ഏറ്റെടുക്കുന്നില്ലെന്ന് ഷൂട്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഇപ്പോൾ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി പോകാൻ ആഗ്രഹിക്കുന്നില്ലെന്നും സരബ്ജോത് പറഞ്ഞു.