കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നുവെന്ന വാർത്ത കേട്ട് ആദ്യം സങ്കടപ്പെടുകയായിരുന്നു ലിജീഷ്.  സ്വാഭാവിക നടപടിയുടെ ഭാഗമായി പോലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ഒരു സംശയത്തിനും ഇടതരാതെ സഹകരിക്കുകയും ചെയ്തു. ഇത്രയും വലിയ കവർച്ച അയൽക്കാരൻ തന്നെ നടത്തുമെന്ന് പോലീസ് കരുതില്ലെന്ന ധൈര്യത്തിലായിരുന്നു അപ്പോഴെല്ലാം പ്രതി. പക്ഷെ, അന്വേഷണം ഒരാഴ്ചകൊണ്ട് വിജയത്തിലെത്തുകയായിരുന്നു.

കവർച്ചാമുതൽ സംഭവസ്ഥലത്തുനിന്ന് ദൂരേയ്ക്ക് പോയിട്ടില്ലെന്ന് പോലീസിന് നേരത്തെതന്നെ ഉറപ്പുണ്ടായിരുന്നതായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന വളപട്ടണം എസ്.ഐ പി. ഉണ്ണികൃഷ്ണൻ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ആദ്യഘട്ടംമുതൽ അയൽവാസിയായ ലിജീഷ് സംശയനിഴലിലുമായിരുന്നു. അന്വേഷണം രാജ്യമൊട്ടാകെ വലവിരിച്ചുള്ളതായിരുന്നുവെങ്കിലും പോലീസ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് സമീപവാസികളിൽത്തന്നെയായിരുന്നു. തുടർന്നാണ് ലിജീഷിലേക്ക് അന്വേഷണം ചുരുക്കിയതെന്നും എസ്.ഐ ചൂണ്ടിക്കാട്ടി. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും ഗുണം ചെയ്തു. പ്രതിയുടെ മൊഴിയെടുക്കുമ്പോൾ ദേഹത്ത് കണ്ട മാറാല സംശയം വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് വിരലടയാളം ഉപയോഗിച്ചുള്ള പരിശോധനകളും നടത്തി.

2023-ൽ കീച്ചേരിയിൽ പ്രതി സമാനമായ ഒരു കവർച്ച നടത്തിയിരുന്നുവെന്നും അന്ന് ഈ കേസിന്റെ അന്വേഷണം തനിക്കായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഗൾഫിൽ കാർഗോ നടത്തുന്ന നിയാസ് എന്നയാളുടെ വീട്ടിലായിരുന്നു അന്നത്തെ കവർച്ച. ആ വീട്ടിൽ പ്രതി വെൽഡിംഗ്നി ർമാണപ്രവൃത്തികൾ നടത്തിയിരുന്നു. മേൽക്കൂരയിൽ ഇയാൾതന്നെ ഇട്ട ഷീറ്റ് ഇളക്കിമാറ്റിയാണ് അകത്ത് കയറി മോഷണം നടത്തിയത്. ആ വിരലടയാളം സൂക്ഷിച്ചുവെച്ചിരുന്നു. ഇത് വളപട്ടണം കേസിലും നിർണായകമായെന്ന് എസ്.ഐ ചൂണ്ടിക്കാട്ടി. കീച്ചേരിയിലെ വീട്ടുടമ ഹൃദയാഘാതം വന്ന് മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പായിരുന്നു കവർച്ച. കീച്ചേരിയിലെ വീട്ടിൽനിന്ന് ലിജീഷ് 11 പവൻ മോഷ്ടിച്ചിരുന്നു. അന്ന് തൊണ്ടിമുതൽ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല.

വളപട്ടണത്ത് കവർച്ച നടന്ന വീടിനടുത്തേക്ക് പ്രതി ലിജീഷ് വന്നുപോവുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ, ആദ്യമൊക്കെ താൻ അവിടെ പണിക്ക് പോയിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ലിജീഷെന്ന് എസ്.ഐ ഉണ്ണികൃഷ്ണൻ പറയുന്നു. പെട്ടെന്ന് കാണുമ്പോൾ കവർച്ച നടത്തുന്ന ഒരാളായി ഇയാളേക്കുറിച്ച് തോന്നില്ല. ഈയൊരു ധൈര്യംകൊണ്ടുകൂടി ആയിരിക്കാം തന്റെയടുത്തേക്ക് അന്വേഷണം എത്തില്ലെന്ന് പ്രതി കരുതാൻ കാരണമെന്നും എസ്.ഐ ചൂണ്ടിക്കാട്ടുന്നു.