ന്യൂഡൽഹി: അദാനിയുമായി ബന്ധമുള്ള രഹസ്യ സ്ഥാപനങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധാവൽ ബുച്ചിനും വെളിപ്പെടുത്താത്ത നിക്ഷേപമുണ്ടായിരുന്നു എന്ന ഗുരുതര ആരോപണവുമായി ഹിൻഡറബർഗ് വീണ്ടും രംഗത്ത്. അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിലെ ക്രമക്കേടിന് ഉപയോഗിച്ച, ബർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന അതേ ഫണ്ടുകളിലാണ് ഇരുവർക്കും നിക്ഷേപമുണ്ടായിരുന്നത്. ഈ നിക്ഷേപങ്ങൾ 2017നും മുമ്പുള്ളതാണെന്നാണ് ഹിൻഡൻബർഗ് പറയുന്നത്. അഥവാ മാധബി ബുച്ച് 2017ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ മുഴുവൻ സമയ അംഗമായി മാറുന്നതിനും, 2022ൽ ചെയർപേഴ്സനാകുന്നതിനും മുമ്പ് ഇരുവർക്കും ഈ രഹസ്യ നിക്ഷേപങ്ങളുണ്ട്.
18 മാസം മുമ്പ് അദാനിക്കും അദ്ദേഹത്തിന്റെ സഹോദരൻ വിനോദിനും മൗറീഷ്യസിലുള്ള സെൽ കമ്പനികളെക്കുറിച്ചുള്ള റിപ്പോർട്ട് തങ്ങൾ പുറത്തുവിട്ടപ്പോൾ ആ വിഷയത്തിൽ ‘അതിശയിപ്പിക്കുന്ന താല്‍പ്പര്യ രാഹിത്യമാണ് സെബി കാണിച്ചത്’ എന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് അദാനിമാരുടെയും അനധികൃത ഫണ്ടുകളിൽ മാധബിക്കും ഭര്‍ത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടായിരുന്നു എന്നാണ് ആരോപണം. സെബി ചെയർപേഴ്സനായി മാധബി അധികാരത്തിൽ എത്തുന്നതിനു മുമ്പ് അവരുടെ പേരിലുള്ള ഈ നിക്ഷേപങ്ങൾ തന്റെ പേരിലേക്ക് മാറ്റാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ട് പറയുന്നു. പുതിയ ചുമതല ഏറ്റെടുക്കുമ്പോൾ നടക്കുന്ന പരിശോധനകളിൽ കുടുങ്ങാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും ആരോപണമുണ്ട്. രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പോസ്റ്റിലേക്ക് മാധബി വരുന്നതിന്റെ മുൻകരുതലായിരുന്നു ഇതെന്ന് ഹിൻഡൻബർഗ് പറയുന്നു.
2018 ഫെബ്രുവരി 26ന് മാധബി ബുച്ചിന്റെ സ്വകാര്യ ഇമെയിലിലേക്ക് എത്തിയ അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ അവരുടെ അക്കൗണ്ടിന്റെ മുഴുവൻ വിവരങ്ങളും ഉള്ളതായി ഹിൻഡൻബർഗ് പറയുന്നു. GDOF Cell 90 (IPEplus Fund 1) എന്ന ഇതേ ‘സെൽ’ തന്നെയാണ് വിനോദ് അദാനി ഉപയോഗിച്ചിരുന്നത്. ഈ ഫണ്ടിന്റെ ഘടന അതീവ സങ്കീർണമാണെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടുന്നു.