തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കെഎസ്‍.യു വനിതാ നേതാവിനെ രം​ഗത്തിറക്കി കോൺ​ഗ്രസ്. കഴിഞ്ഞ തവണ എസ്എഫ്ഐ നേതാവായ ആര്യാ രാജേന്ദ്രനെ സിപിഎം രം​ഗത്തിറക്കിയതിന് സമാനമായാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും 24കാരിയുമായ വൈഷ്ണ സുരേഷിനെ രം​ഗത്തിറക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിലാകും വൈഷ്ണ മത്സരിക്കുക. നിലവിൽ ടെക്നോപാർക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂർക്കട ലോ കോളജിലെ നിയമ വിദ്യാർഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽനിന്ന് ജേണലിസത്തിൽ ഡിപ്ലോമ നേടിയ ശേഷം ടിവി ചാനലുകളിലും ഷോകളിലും അവതാരകയായും ജോലി ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപഴ്സൻ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെഎസ്‌യു വട്ടിയൂർക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്കറ്റ്ബോളിൽ കഴിവു തെളിയിച്ച വൈഷ്ണ കർണാടക സംഗീതജ്ഞയുമാണ്. സുരേഷ് കുമാർ, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കൾ. ഇന്ന് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ വാർ‌ഡുകളിൽ സജീവമാകാനാണ് വൈഷ്ണ ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ തീരുമാനം.