മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. മത്സരേതര വിഭാഗത്തിൽ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ. എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്രമേള നടന്നത്.
ഇറ്റാലിയൻ നിരൂപകനും ചലച്ചിത്ര ചരിത്രകാരനും നിർമാതാവുമായ മാർകോ മുള്ളറാണ് ജൂറി അധ്യക്ഷൻ. ഇന്ത്യയിൽനിന്ന് വിശാൽ ഭരദ്വാജ് ജൂറി അംഗമാണ്.
സിനിമ കണ്ട റഷ്യക്കാർ കരഞ്ഞുവെന്ന് സംവിധായകൻ ചിദംബരം പ്രതികരിച്ചു. പ്രദർശനത്തിനുശേഷം ഒരുപാടുപേർ തങ്ങളുടെ അടുത്ത് വന്നുവെന്നും ആലിംഗനംചെയ്തുവെന്നും ചിദംബരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സെറ്റിനെക്കുറിച്ചും മേക്കിങ്ങിനെക്കുറിച്ചും മുഖാമുഖ സെഷനിൽ ചോദ്യങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.