55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.

അവസാന ഘട്ടത്തിൽ മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനും തമ്മിലാണ് പോരാട്ടമെന്നാണ് വിവരം. ഭ്രമയുഗത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. അതേസമയം കിഷ്കിന്ധാകാണ്ഡം, രേഖാ ചിത്രം,ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ആസിഫ് അലിയെ അവസാന റൗണ്ടില്‍ എത്തിച്ചത്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവൻ ദേശീയപുരസ്കാര നിറവിലാണ് മത്സരിക്കുന്നത്.