മലപ്പുറത്ത് വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാൻ സാധിക്കൂ.
വിദ്യാര്‍ഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.
പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്. ജൂലൈ 15 നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് മൂന്ന് ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവർക്കും അന്ന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.