താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി നടി മാല പാർവതി രംഗത്ത്. സംഘടനയിലെ പ്രധാന ഭാരവാഹികളായ ശ്വേത മേനോന്റെയും കുക്കു പരമേശ്വരന്റെയും പ്രവർത്തനങ്ങളിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് മാല പാർവതി പറഞ്ഞു.

അമ്മയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നതെന്നും, ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി ചൂണ്ടിക്കാട്ടി. വനിതാ സാരഥ്യം വേണമെന്ന് താൻ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്ന് അവർ പറഞ്ഞു.

● സംഘടനയ്ക്കുള്ളിൽ അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റി (ഭരണപരമായ കഴിവ്) ആരും കാണിക്കുന്നില്ല.

● ഔദ്യോഗിക അറിയിപ്പുകളൊന്നും അംഗങ്ങൾക്ക് ലഭിക്കുന്നില്ല; ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്.

● അമ്മയിലെ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞ അവസ്ഥയിലാണ്.

അൻസിബയുടെ പരാതി ഗൗരവകരമാണെന്നും, ഇത്തരം വിഷയങ്ങളിൽ പൊതുസമൂഹത്തിന് വ്യക്തത നൽകാൻ സാരഥികൾ ബാധ്യസ്ഥരാണെന്നും നടി പറഞ്ഞു. സ്ത്രീകൾക്ക് നീതി ലഭിക്കുന്ന രീതിയിലല്ല നിലവിൽ അമ്മയുടെ പ്രവർത്തനം. സംഘടനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി താൻ നേരത്തെ ഇമെയിൽ അയച്ചിരുന്നുവെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും മാല പാർവതി വ്യക്തമാക്കി.

മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ കാലമായിരുന്നു ഇതിലും ഭേദമെന്നും, അന്ന് ഒരു ഡെക്കോറം (മര്യാദ) ഉണ്ടായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. “അമ്മയിൽ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണ്. സംഘടനയിൽ ശുദ്ധികലശം വേണം. മുഴുവൻ ഭരണസമിതിയും മാറിനിൽക്കണം,” മാല പാർവതി ആവശ്യപ്പെട്ടു. ജനറൽ ബോഡി യോഗം വിളിച്ച് സാരഥികൾ ഒഴിഞ്ഞുപോകണമെന്നും അവർ കൂട്ടിച്ചേർത്തു.