കാഞ്ഞങ്ങാട്: ‘അത്രയും പരിചയമുള്ളയാൾ ഇങ്ങനെചെയ്യുമെന്ന് കരുതിയില്ല. എട്ടുമണിക്കൂർ ഒരേനിൽപ്പായിരുന്നു. തുള്ളിവെള്ളംപോലും കുടിച്ചിട്ടില്ല. വയ്യാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും പുലർച്ചെ രണ്ടുകഴിഞ്ഞിരുന്നു’ -പറഞ്ഞുറപ്പിച്ച പണംതരാതെ സ്ഥലം തട്ടിയെടുത്തതിനെക്കുറിച്ച് പറയുമ്പോൾ തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ സാവിത്രി അന്തർജനത്തിന് വാക്കിടറുന്നു.

പറഞ്ഞുറപ്പിച്ച പണംനൽകാതെ ഇവരുടെ ഭൂമി തട്ടിപ്പിലൂടെ രജിസ്റ്റർചെയ്തെടുത്തെന്ന പരാതിയിൽ കഴിഞ്ഞദിവസം എട്ടാളുടെപേരിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി നേരിട്ട് കേസെടുത്തു. 2.47 കോടി നൽകാമെന്നുപറഞ്ഞ് 1.03 ഏക്കർ രജിസ്റ്റർചെയ്തുവാങ്ങിയശേഷം 40.70 ലക്ഷംമാത്രം നൽകിയെന്നായിരുന്നു പരാതി. ഇളമ്പച്ചിസ്വദേശി പി.കെ. ബിജുവാണ് ഇടനിലക്കാരനായെത്തിയത്. ഇതേനാട്ടുകാരായ ഡി. സ്മികേഷ്, കമലാക്ഷൻ, കുമാരൻ, രവീന്ദ്രൻ, ഗംഗാധരൻ, നവീൻകുമാർ, എം. ഹരിപ്രസാദ് എന്നിവരാണ് സ്ഥലംവാങ്ങിയത്. ഒക്ടോബർ 30-ന് കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് നൽകി.

‘അവരുടെ കാറിന്റെ പിന്നിലെ സീറ്റിലും ഡിക്കിയിലുമായി ചാക്കിൽക്കെട്ടി സൂക്ഷിച്ച പണം കാണിച്ചുതന്നു.

രജിസ്ട്രേഷൻ നടപടി കഴിഞ്ഞിറങ്ങുമ്പോൾ പണം കൈമാറാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ വിൽപ്പത്രത്തിന്റെ ഒറിജിനൽ എന്തേ കൊണ്ടുവരാത്തതെന്നായി ചോദ്യം. അതുകൊണ്ടുവന്നാലെ പണംതരൂവെന്ന് പറഞ്ഞു.

രാത്രിയോടെ ഒറിജിനൽ വിൽപ്പത്രമെത്തിച്ചു. വീണ്ടും അതേ കാറെത്തി. അതിൽ പണംകാണിച്ചുതന്നശേഷം വിൽപ്പത്രം വാങ്ങി ഫോട്ടോയെടുത്തു. അപ്പോഴും പണംതന്നില്ല. പെട്ടെന്ന് അവർ കാറെടുത്ത് പോയി. രാത്രി പത്തുകഴിഞ്ഞിരുന്നു. ഇതിനിടെ സ്ഥലംവാങ്ങിയവരിലൊരാൾ വിളിച്ച് മറ്റൊരുസ്ഥലത്തേക്കു വരണമെന്ന് പറഞ്ഞു. പേടിച്ചിട്ട് പോയില്ല’ -72 വയസ്സുള്ള സാവിത്രി അന്തർജനം സംഭവം വിവരിച്ചു.

ഈ സ്ഥലത്തിന് അവകാശമുന്നയിച്ച് പുരുഷോത്തമൻ നമ്പ്യാർ എന്നയാൾ രംഗത്തുവന്നിരുന്നു. അദ്ദേഹം നൽകിയ ഹർജിയിൽ ഹൊസ്ദുർഗ് മുൻസിഫ് കോടതി ബാക്കിസ്ഥലം വിൽക്കുന്നത് തടഞ്ഞിരുന്നു. ‘പുരുഷോത്തമൻ നമ്പ്യാരുടെ കേസൊക്കെ തീർക്കാം. നിങ്ങൾ സ്ഥലം 1.03 ഏക്കർ രജിസ്റ്റർചെയ്തു തന്നോളൂ’ എന്ന് ഇടനിലക്കാരനായ ബിജു പറഞ്ഞു. രജിസ്റ്റർചെയ്യുന്ന ദിവസം രാവിലെ കേസ് തീർത്തെന്ന് ധരിപ്പിക്കുകയുംചെയ്തെന്ന് ഇവർ പറയുന്നു.

ഹൊസ്ദുർഗ് സബ് കോടതിയിലും അഡ്വ. ഇ.കെ. അവിനാശ് മുഖേനെ സാവിത്രി അന്തർജനം ഹർജിനൽകിയിരുന്നു. സ്ഥലംവാങ്ങിയ ഏഴുപേരോടും സ്ഥലത്തേക്ക് കടക്കരുതെന്ന് സബ് കോടതി ഉത്തരവിട്ടു. 40.7 ലക്ഷം രൂപ സാവിത്രി അന്തർജനം സബ് കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്.