എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ തിരിച്ചെത്തി മെഗാസ്റ്റാർ മമ്മൂട്ടി. ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയ താരം സ്വദേശത്ത് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയോടെയാണ് താരം വിമാനമിറങ്ങിയത്. ഭാര്യ സുൽഫത്ത്, നിർമാതാവ് ആന്റോ ജോസഫ്, താരത്തിന്റെ സന്തതസഹചാരിയും പേഴ്സണൽ മേക്കപ്പ്മാനുമായ ജോർജും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവർ താരത്തെ സ്വീകരിക്കാനെത്തിയിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നിറഞ്ഞ ചിരിയോടെയാണ് താരം കാറിലേയ്ക്ക് കയറിയത്.
തനിയെ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വീട്ടിലേയ്ക്ക് പോയത്. വിശ്രമത്തിന് ശേഷം ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മോഹൻലാലിനൊപ്പം പ്രധാന അതിഥിയാകും.
തുടർന്ന് മഹേഷ് നാരായണൻ ചിത്രം പാട്രിയാക്കിന്റെ കേരളത്തിലെ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.



