തൃണമൂൽ പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുതിർന്ന പാർലമെന്റ് അംഗം കാകോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി. കഴിഞ്ഞ മാസം പാർട്ടിയുടെ എല്ലാ സംഘടനാ പദവികളിൽ നിന്നും താൻ രാജിവെച്ചതിന് പിന്നാലെ, തന്നെ ഫോണിലൂടെയോ മറ്റോ അധിക്ഷേപിക്കാൻ മമത ബാനർജി മറ്റൊരാൾക്ക് നിർദേശം നൽകിയെന്നാണ് കാകൊളി ആരോപിക്കുന്നത്.
“കഴിഞ്ഞ 40 വർഷമായി ഞാൻ മമത ബാനർജിക്കൊപ്പമുണ്ട്. എന്നെ ചീത്തവിളിക്കാൻ അവർ മറ്റൊരാൾക്ക് നിർദേശം നൽകുന്ന ഒരു ദിവസത്തിന് എനിക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) സംസാരിക്കവെ കാകൊളി ഘോഷ് ദസ്തിദാർ പറഞ്ഞു. രാജി സമർപ്പിച്ചതിന് ശേഷം മമതയോ പാർട്ടിയോ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന്, “ആ വശത്തുനിന്ന് ആരും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല” എന്നായിരുന്നു ടിഎംസി എംപിയുടെ മറുപടി.
താനുൾപ്പെടെ 20 എംപിമാർ സഭയിൽ പ്രത്യേകമായി ഇരിക്കാൻ അനുമതി തേടിയതായി അവർ വെളിപ്പെടുത്തി. എൻഡിഎയെ പിന്തുണയ്ക്കുന്നതും ഇരിപ്പിടം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതായി തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്ന കാകോലി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ഭരണപരാജയം, തൊഴിലില്ലായ്മ, ക്രമസമാധാന തകർച്ച എന്നിവയിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി നേതൃത്വവുമായി അകലുന്നതെന്ന് അവർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ഈ വിള്ളൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു.
അതേസമയം, മമതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന തൃണമൂൽ യോഗം കാകോലിയെ നീക്കി, കല്യാൺ ബാനർജിയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തിരുന്നു. നാല് പതിറ്റാണ്ടുകാലം മമത ബാനർജിയോടൊപ്പം പ്രവർത്തിച്ചിട്ടും ഇപ്പോൾ നേരിടുന്ന അവഗണനയും അപമാനവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച കാകോലി, ദേശീയ താൽപര്യങ്ങൾക്കും സംസ്ഥാന വികസനത്തിനുമാണ് ഇനി താൻ മുൻഗണന നൽകുകയെന്നും വ്യക്തമാക്കി.



