അമേരിക്കയും ഇറാനും തമ്മിൽ പുതിയ ആണവ-വ്യാപാര ധാരണകളിൽ എത്തിയെന്ന രീതിയിൽ പുറത്തുവരുന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ഇറാൻ മാധ്യമങ്ങൾ തള്ളി. തങ്ങളുടെ യുറേനിയം ശേഖരത്തിൽ മാറ്റം വരുത്താമെന്ന് അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. കൂടാതെ ഇറാന്റെ ആണവ പദ്ധതികൾ 20 വർഷം വരെ നിർത്തിവെക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്ന വാർത്തകളും മാധ്യമങ്ങൾ പൂർണ്ണമായും നിഷേധിച്ചു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു നയതന്ത്ര ധാരണ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതകളെ മാധ്യമങ്ങൾ പൂർണ്ണമായി തള്ളിക്കളയുന്നില്ല. എണ്ണ ഉപരോധത്തിൽ അമേരിക്ക നൽകുന്ന ഇളവുകൾ എണ്ണ അനുബന്ധ ഉൽപന്നങ്ങൾക്കും ബാധകമാക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. കൂടാതെ മേഖലയിലെ എല്ലാ തുറകളിലുമുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും അമേരിക്കൻ സൈന്യത്തെ ഇറാന്റെ അതിർത്തികളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായി പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.
ഇറാനെതിരെയുള്ള നാവിക ഉപരോധം 30 ദിവസത്തിനകം അമേരിക്ക പിൻവലിക്കണമെന്നും നിലവിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ വിദേശ സ്വത്തുക്കൾ ഭാഗികമായെങ്കിലും വിട്ടുനൽകണമെന്നുമാണ് മറ്റ് പ്രധാന വ്യവസ്ഥകൾ. ഈ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിലേക്ക് രാജ്യം കടക്കുകയുള്ളൂ എന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന.



