കുവൈത്ത് ഭൂപ്രദേശത്ത് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത് വീണ്ടും ഐക്യരാഷ്ട്രസഭയെ സമീപിച്ചു. യുഎൻ സെക്രട്ടറി ജനറലിനും രക്ഷാകൗൺസിൽ പ്രസിഡന്റിനും കുവൈത്ത് രണ്ടാമതും കത്തയച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താൻ ഐക്യരാഷ്ട്രസഭ ഉടൻ ഇടപെടണമെന്നും ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ കുവൈത്തിന്റെ പരമാധികാരം ലംഘിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സൈനിക താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ഫെബ്രുവരി 28-ന് ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 234 മിസൈലുകളും 422 ഡ്രോണുകളും കുവൈത്തിന് നേരെ പ്രയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.

ആക്രമണങ്ങളിൽ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ നാലായി ഉയർന്നു. കുവൈത്തിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണം നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. തങ്ങളുടെ പൗരന്മാരെയും പരമാധികാരത്തെയും സംരക്ഷിക്കാൻ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിനും മറ്റ് ജിസിസി രാജ്യങ്ങൾക്കും എതിരായ നീക്കങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇറാൻ പൂർണ്ണ ഉത്തരവാദികളായിരിക്കുമെന്നും കത്തിൽ ആവർത്തിച്ചു.