രണ്ടായിരത്തിലേറെ പേരെ വിവിധ ക്യാംപസുകളിൽനിന്ന് റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇൻഫോസിസ്, രണ്ടു വർഷം പിന്നിട്ടിട്ടും ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകി. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണിത്. നാസന്റിനായി പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഐടി കമ്പനികളുടെയും മറ്റും പ്രവർത്തനം സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലായതിനാലാണിതെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ഇതുവരെ ജോലി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നൽകിയിരുന്നു. അതിനിടെ, ഒക്ടോബർ 7 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേർക്ക് ഇൻഫോസിസ് കഴിഞ്ഞ 2ന് ഓഫർ ലെറ്ററുകൾ അയച്ചിരുന്നു.