പോളണ്ട്: വാഴ്സോയിൽ വച്ച് രാത്രി 12.30ന് നടക്കുന്ന യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡും യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ അറ്റലാന്റയും ഏറ്റുമുട്ടുന്നു.

മത്സരത്തിൽ റയൽ മാഡ്രിഡ് ജഴ്‌സിയിൽ കിലിയൻ എംബാപ്പേയുടെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

പിഎസ്‌ജി വിട്ട് റയലിൽ എത്തിയ എംബാപ്പേ തന്റെ ആദ്യ സൂപ്പർ കപ്പിനായി ഒരുങ്ങുമ്പോൾ, റയൽ മാഡ്രിഡ്  ആറാം സൂപ്പർ കപ്പിനായി കളത്തിലിറങ്ങുകയാണ്. റയൽ മാഡ്രിഡ് ഇതിനകം അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. എ സി മിലാന്‍, ബാഴ്‌സലോണ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് റയല്‍ മാഡ്രിഡ്. 

എംബാപ്പേയ്‌ക്കൊപ്പം കോർത്വ, ഡാനി കാര്‍വഹാല്‍, അലാബ, ജൂഡ് ബെല്ലിംഗ്ഹാം, കമവിംഗ, മോഡ്രിച്, ചുവാമെനി, ഗുലെർ, വിനിഷ്യസ്, റോഡ്രിഗോ തുടങ്ങിയവർ കളത്തിൽ ഇറങ്ങിയാൽ റയലിനെ തളയ്ക്കുക ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്ക് അത്ര എളുപ്പമാവില്ല. ഇരുടീമും നേർക്കുനേർ വരുന്ന മൂന്നാമത്തെ മത്സരമാണിത്. ആദ്യ രണ്ട് കളിയിലും ജയം റയലിനൊപ്പമായിരുന്നു.