തടവിലാക്കപ്പെട്ട കുടിയേറ്റക്കാരിൽ നിന്ന് ഉൾപ്പെടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതടക്കമുള്ള ബയോമെട്രിക് ഡാറ്റാ ശേഖരണം വൻതോതിൽ വികസിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിനായുള്ള പുതിയ നിയമനിർദ്ദേശങ്ങളുമായി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്. നിലവിൽ വിരലടയാളങ്ങൾ പോലുള്ള പരിമിതമായ ബയോമെട്രിക്സ് മാത്രമാണ് ഡിഎച്ച്എസ് സാധാരണയായി ശേഖരിക്കുന്നത്. അതും മുതിർന്നവരിൽ നിന്നും ചില പ്രത്യേക അപേക്ഷകരിൽ നിന്നും മാത്രം. എന്നാൽ, പുതിയ നിയമം ഈ അധികാരത്തെ വികസിപ്പിക്കും.

കുടിയേറ്റം സംബന്ധിച്ച ഏതെങ്കിലും അപേക്ഷയോ അഭ്യർത്ഥനയോ ഫയൽ ചെയ്യുന്നതോ, ബന്ധപ്പെട്ടതോ ആയ ഏതൊരാൾക്കും പ്രായഭേദമന്യേയുള്ള ബയോമെട്രിക് ഡാറ്റ നിർബന്ധമാക്കും. നിലവിൽ വിസ, ഗ്രീൻ കാർഡ്, അഭയം അല്ലെങ്കിൽ പൗരത്വം എന്നിവക്ക് അപേക്ഷകർ ഡിഎൻഎ നൽകേണ്ടതില്ലെങ്കിലും ഭാവിയിൽ കുടിയേറ്റ നടപടിക്രമങ്ങളുടെ ഒരു പതിവ് ഘടകമായി ഡിഎൻഎ ശേഖരണം മാറ്റിയേക്കാം.

‘ബയോമെട്രിക്സ്’ എന്നതിൻ്റെ നിർവചനം ഔപചാരികമായി പുനർനിർവചിക്കാനും ഡിഎച്ച്എസ് ലക്ഷ്യമിടുന്നുണ്ട്. നിലവിൽ വിരലടയാളങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഈ നിർവചനം, ഇനി മുതൽ ഡിഎൻഎ, കണ്ണിലെ ഐറിസ് സ്കാനുകൾ, മുഖം തിരിച്ചറിയൽ ഡാറ്റ, വോയ്‌സ്‌പ്രിന്റുകൾ, കൂടാതെ വ്യക്തിയുടെ പെരുമാറ്റ രീതികൾ എന്നിവയിലേക്കും വ്യാപിച്ചേക്കാം. ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും, പരിശോധിക്കാനും, ഉപയോഗിക്കാനും, സുരക്ഷിതമായി സംഭരിക്കാനുമുള്ള ഡിഎച്ച്എസിൻ്റെ അധികാരം വികസിപ്പിക്കാനാണ് നിർദ്ദേശത്തിൻ്റെ പ്രധാന ലക്ഷ്യം. ഐഡന്റിറ്റി വെരിഫിക്കേഷൻ, നിയമ നിർവ്വഹണ ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ ജനിതക ഡാറ്റ എങ്ങനെ ഉപയോഗിക്കാമെന്നും പങ്കുവെക്കാമെന്നും നിലനിർത്താമെന്നും പുതിയ നിയമം ക്രോഡീകരിക്കും.

ഇത്രയും വലിയ തോതിൽ ഡിഎൻഎ ശേഖരിക്കുന്നത് പ്രായോഗികമല്ലെന്ന് ഒബാമ ഭരണകാലത്ത്, ഫെഡറൽ ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ ആ നിലപാടിനെ പൂർണ്ണമായും മറികടക്കുന്നതാണ് ഇപ്പോഴത്തെ പുതിയ നിർദ്ദേശം. സ്വകാര്യത, സർക്കാർ അധികാരം, ജനിതക ഡാറ്റയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് സങ്കീർണ്ണമായ ഭരണഘടനാ ചോദ്യങ്ങൾ ഇത് ഉയർത്തുമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. ക്രിമിനൽ പ്രതികളെ മാത്രമല്ല, ദശലക്ഷക്കണക്കിന് സാധാരണ കുടിയേറ്റക്കാരെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒരു പ്രമുഖ നിയമ വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു. വിഷയം ഒടുവിൽ യുഎസ് സുപ്രീം കോടതിയിൽ എത്തുമെന്നും നിരീക്ഷകർ വിശ്വസിക്കുന്നു. നിലവിൽ, ഇമിഗ്രേഷൻ കേസുകളിൽ കുടുംബബന്ധ പരിശോധന, ബോർഡർ ആൻഡ് ലോ എൻഫോഴ്‌സ്‌മെന്റ് പ്രോഗ്രാമുകകൾ എന്നിവയുമായി ബന്ധപ്പെട്ട് മാത്രമാണ് ഡിഎൻഎ ശേഖരണം നടപ്പിലാക്കുന്നത്.