ഇന്ന് നടക്കുന്ന, 21 പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണത്തോടെ ആകെ കർദിനാൾമാരുടെ എണ്ണം 253 ആകും. അതിൽ 113 പേർക്ക് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ കഴിയില്ല. 140 പേർക്ക് കോൺക്ലേവിൽ പങ്കെടുക്കാം. അതായത് 80 വയസ്സിനു താഴെയുള്ള കർദിനാൾമാർക്കു മാത്രമേ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഈ 140 വോട്ടർമാരായ കർദിനാൾമാരിൽ 110 പേരെ ഫ്രാൻസിസ് മാർപാപ്പയും 24 പേരെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ആറുപേരെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കർദിനാൾ പദവിയിലേക്ക് ഉയർത്തിയതാണ്. മൊത്തം കർദിനാൾമാരിൽ 115 പേർ യൂറോപ്പിൽ നിന്നും 37 പേർ ഏഷ്യയിൽ നിന്നും 29 പേർ ആഫ്രിക്കയിൽ നിന്നും 68 പേർ അമേരിക്കയിൽ നിന്നും (28 പേർ വടക്കേ അമേരിക്കയിൽ നിന്നും എട്ടുപേർ മധ്യ അമേരിക്കയിൽ നിന്നും 32 പേർ തെക്കേ അമേരിക്കയിൽ നിന്നും) നാലുപേർ ഓഷ്യാനിയയിൽ നിന്നുമാണ്.

കോൺക്ലേവിൽ പങ്കെടുക്കാവുന്ന കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ മോൺസിഞ്ഞോർ മൈക്കോള ബൈചോക്ക് സി. എസ്. ആർ. ആണ്. അദ്ദേഹത്തിന് 44 വയസ്സാണ്. ഈ വർഷം ഡിസംബർ 24 ന് എൺപത് വയസ്സ് തികയുന്ന ബോംബെ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആണ് കോൺക്ലേവിൽ പങ്കെടുക്കാവുന്ന ഏറ്റവും പ്രായം കൂടിയ കർദിനാൾ.