തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകാൻ തീരുമാനമായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിൽ ആണ് തീരുമാനം എടുത്തത്.
മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ് / എക്സ്ഗ്രേഷ്യ / ഉത്സവബത്ത / ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.
പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. സ്റ്റേറ്റ് സെന്‍റട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തികയും സൃഷ്ടിക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫീസ് അറ്റന്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് പത്താം ശബള പരിഷ്‌കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.
കേരള ഡെന്റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്സ്റ്റന്റ്, യുഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍ഡി ക്ലര്‍ക്കിന്റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം. സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചര്‍ / സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാര്‍ നല്‍കുന്നതിനും ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി. കാപ്പ അഡൈ്വസറി ബോര്‍ഡിന്റെയും എന്‍എസ്എ, കോഫെപോസ, പിഐടി – എന്‍ഡിപിഎസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡൈ്വസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.