- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായത് കൊണ്ട് കോളടിച്ചത് ചില കോടീശ്വരന്‍മാര്‍ക്കാണ്. ഒറ്റ രാത്രി കൊണ്ട് 64 (5.4 ലക്ഷം കോടി രൂപ) ബില്യണ്‍ ഡോളറാണ് ഈ കോടീശ്വരന്‍മാരുടെ അക്കൗണ്ടിലേക്ക് ട്രംപിന്റെ വിജയം എത്തിച്ചത് എന്നറിയുമ്പോഴാണ് ജാക്‌പോട്ട് എത്രമാത്രം വലുതായിരുന്നു എന്ന് മനസിലാവുക.
വ്യാപകമായി പ്രചരിച്ച കണക്കുകള്‍ പ്രകാരം യുഎസ് ടെക് ശതകോടീശ്വരന്മാരാണ് ഈ ജാക്‌പോട്ട് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് കണക്കാക്കുന്നത്, ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകള്‍ ബുധനാഴ്ച ഏകദേശം 64 ബില്യണ്‍ ഡോളര്‍ (ഏകദേശം 49.5 ബില്യണ്‍ പൗണ്ട്) നേടിയെന്നാണ്. ഇത് 2012 ല്‍ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ്.
ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന് തന്റെ സമ്പത്തില്‍ 26.5 ബില്യണ്‍ ഡോളര്‍ അധികമായി വര്‍ധിച്ചു. അദ്ദേഹത്തിന്റെ സമ്പത്ത് ഇപ്പോള്‍ 290 ബില്യണ്‍ ഡോളറായി. ട്രംപിന്റെ കാമ്പെയ്നിലെ പ്രമുഖ പിന്തുണക്കാരന്‍ കൂടിയായ മസ്‌ക് ചീഫ് എക്സിക്യൂട്ടീവും 13% ഓഹരിയും കൈവശമുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത്.
ആമസോണിന്റെ ജെഫ് ബെസോസ്, ഫെയ്സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിളിന്റെ ടിം കുക്ക് എന്നിവരുള്‍പ്പെടെ ടെക് ബിസിനസ്സ് രാജാക്കന്‍മാര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പരസ്യമായി അഭിനന്ദനം അറിയിച്ചതോടെയാണ് നേട്ടം കുതിച്ചു കയറിയത്. നിക്ഷേപകര്‍ കുറഞ്ഞ നികുതിയും കുറഞ്ഞ നിയന്ത്രണളും പ്രതീക്ഷിക്കുന്നതിനാല്‍ യുഎസ് ഓഹരികളിലെ ഈ കമ്പനികള്‍ നടത്തിയ കുതിച്ചുചാട്ടമാണ് ആദ്യ 10 ലെ നേട്ടങ്ങളില്‍ ഭൂരിഭാഗവും.
ആമസോണിന്റെ സ്ഥാപകനും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനുമായ ബെസോസ് ആണ് മറ്റൊരു ഗുണഭോക്താവ്. തന്റെ 230 ബില്യണ്‍ ഡോളറിനടുത്തുള്ള സമ്പത്തിലേക്ക് 7 ബില്യണ്‍ ഡോളര്‍ അധികമായി അദ്ദേഹം ചേര്‍ത്തു. ചരിത്രപരമായി റിപ്പബ്ലിക്കന്‍ അനുഭാവിയായ ഒറാക്കിളിന്റെ ചെയര്‍മാനായിരുന്ന ലാറി എലിസണ്‍. ഏകദേശം 10 ബില്യണ്‍ ഡോളര്‍ അധികം നേടി. അദ്ദേഹത്തിന്റെ ആസ്തി 193 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മുന്‍ മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരും സമ്പത്ത് വര്‍ധിച്ച ആദ്യ 10 അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
എന്നിരുന്നാലും, തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, സെര്‍ച്ച് കമ്പനിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് സെപ്റ്റംബറില്‍ ഭീഷണിപ്പെടുത്തിയതിന് ശേഷം, പ്രചാരണത്തിനിടയില്‍ ഗൂഗിളിനോട് ട്രംപ് തന്റെ നിരാശയും പ്രകടിപ്പിച്ചിരുന്നു. ഗൂഗിള്‍ തന്നെക്കുറിച്ച് നെഗറ്റീവ് വാര്‍ത്താ ലേഖനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നും എന്നാല്‍ തന്റെ എതിരാളിയായ കമലാ ഹാരിസിനെക്കുറിച്ച് പോസിറ്റീവ് വാര്‍ത്തകള്‍ നല്‍കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ അവകാശവാദം ഗൂഗിള്‍ നിഷേധിച്ചു.
ബുധനാഴ്ച പണം നഷ്ടപ്പെട്ട സമ്പന്നരില്‍ ഒരേയൊരു അംഗം ഫ്രഞ്ച് ആഡംബര ഉല്‍പ്പന്ന വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ്. അദ്ദേഹത്തിന്റെ സമ്പത്തില്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 202 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിയെങ്കിലും 81 മില്യണ്‍ ഡോളര്‍ കുറഞ്ഞിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജീവപര്യന്തം തടവിലാക്കുമെന്ന് ഓഗസ്റ്റില്‍ ട്രംപ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
‘ശുദ്ധമായ മാഗ വ്യാപാരം’ കാരണം യുഎസ് ഓഹരികള്‍ ഉയര്‍ന്നുവെന്ന് ബ്രോക്കര്‍ ഫൈനല്‍റ്റോയിലെ ചീഫ് അനലിസ്റ്റ് നീല്‍ വില്‍സണ്‍ ചൂണ്ടിക്കാട്ടി. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന ട്രംപിന്റെ മുദ്രാവാക്യവും നിക്ഷേപകര്‍ വ്യക്തമായ ട്രംപിന്റെ വിജയത്തിന്റെ പിന്‍ബലത്തില്‍ ഓഹരികള്‍ വാങ്ങുകയും ചെയ്തു.
‘കുറവ് നികുതികള്‍, ബാങ്കുകള്‍, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ നിയന്ത്രണങ്ങള്‍ നീക്കും എന്ന ഉറപ്പ്, തിരഞ്ഞെടുപ്പിന്റെ ഫലം ശുദ്ധവും എതിര്‍പ്പില്ലാത്തതുമായത് തുടങ്ങിയവയൊക്കെ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതായി ചൂണ്ടിക്കാട്ടുന്നു. ‘ചുവപ്പ് തരംഗ ഫലം ഓരോ അമേരിക്കന്‍ മുതലാളിക്കും അനുകൂലമായിരുന്നു. ഫലം വരുന്നതു വരെ ഒരു തരത്തിലും ഉറപ്പില്ലായിരുന്നതാണ്. അതുകൊണ്ടുതന്നെ പ്രതികരണം നിര്‍ണായകമായിരുന്നു. എന്നും കണക്കു കൂട്ടുന്നു.
2024 നവംബര്‍ 5 മുതല്‍ നവംബര്‍ 6 വരെ വര്‍ധിച്ച സമ്പത്ത്.
- എലോണ്‍ മസ്‌ക് 290 ബില്യണ്‍ ഡോളര്‍ (+10.1%)
- ജെഫ് ബെസോസ് 228.3 ബില്യണ്‍ ഡോളര്‍ (+3.2%)
- മാര്‍ക്ക് സക്കര്‍ബര്‍ഗ് 202.5 ബില്യണ്‍ ഡോളര്‍ (0%)
- ലാറി എല്ലിസണ്‍ 193.5 ബില്യണ്‍ ഡോളര്‍ (+5.4%)
- ബെര്‍ണാഡ് അര്‍നോള്‍ട്ട് 173.2 ബില്യണ്‍ ഡോളര്‍ (1.6%)
- ബില്‍ ഗേറ്റ്‌സ് 159.5 ബില്യണ്‍ ഡോളര്‍ (+1.2%)
- ലാറി പേജ് 158.3 ബില്യണ്‍ ഡോളര്‍ (+3.6%)
- സെര്‍ജി ബ്രിന്‍ 149.1 ബില്യണ്‍ ഡോളര്‍ (+3.6%)
- വാറന്‍ ബഫറ്റ് 147.8 ബില്യണ്‍ ഡോളര്‍ (+5.4%)
- സ്റ്റീവ് ബാല്‍മര്‍ 145.9 ബില്യണ്‍ ഡോളര്‍ (+2%)