നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു. ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്. നിലവിൽ ഗോവയിലാണ് വിനായകൻ താമസിക്കുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ആവശ്യത്തിനായാണ് എത്തിയതെന്നാണ് വിവരം. എന്താണ് വാക്കുതർക്കത്തിലേക്ക് എത്തിയതെന്നതിൽ പ്രാഥമികമായി വ്യക്തതയായിട്ടില്ല.
മുകേഷിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് എസ് ഐ ടി
നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഹൈക്കോടതിയിലേയ്ക്ക്. മുകേഷിന് ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക.
നടിയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ മുകേഷിനും, നടൻ ഇടവേള ബാബുവിനും സെപ്തംബർ അഞ്ചിനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്റെ അഭിഭാഷകന് പ്രതികരിച്ചത്.