അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയ തലപ്പുഴ മരംമുറിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഡി എഫ് ഒ. ചീഫ് കൺസർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. അനുമതി വാങ്ങാതെ 73 മരങ്ങൾ വെട്ടിയതിലാണ് നടപടി.
സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന മറവില്‍ തലപ്പുഴ വനത്തിനുള്ളിലെ മരങ്ങള്‍ കൂട്ടമായി വെട്ടിയ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സംഭവം രാഷ്ട്രീയമായി കൂടി മാറിയതോടെ വനം മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ചീഫ് വിജിലൻസ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാൻ വനം മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നോർത്ത് വയനാട് ഡിഎഫ്ഒ ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന് പുറമെ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെയും അന്വേഷണം നടക്കുന്നുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവനായും തലപ്പുഴയിലെ വനം വകുപ്പ് ഓഫിസിലുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.