കാനഡയുടെ മുപ്പത്തിയൊന്നാമത് ഗവര്‍ണര്‍ ജനറലായി പ്രശസ്ത നിയമവിദഗ്ദ്ധയും മുന്‍ സുപ്രീം കോടതി ജസ്റ്റിസുമായ ലൂയിസ് അര്‍ബര്‍ (79) ഔദ്യോഗികമായി ചുമതലയേറ്റു. കനേഡിയന്‍ ജനാധിപത്യത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങുകളിലൊന്നായ ഇന്‍സ്റ്റലേഷന്‍ ചടങ്ങുകള്‍ തലസ്ഥാനമായ ഒട്ടാവയിലെ സെനറ്റ് സമുച്ചയത്തിലാണ് നടന്നത്.

കാനഡയിലെ ബ്രിട്ടീഷ് രാജാവായ ചാള്‍സ് മൂന്നാമന്റെ ഔദ്യോഗിക പ്രതിനിധിയായാണ് ലൂയിസ് അര്‍ബര്‍ ഈ പദവിയിലെത്തുന്നത്. കാനഡയിലെ ആദ്യത്തെ തദ്ദേശീയ ഗവര്‍ണര്‍ ജനറലായിരുന്ന മേരി സൈമണിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് അര്‍ബര്‍ ഈ പദവിയിലേക്ക് നിയമിതയായത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ചീഫ് ജസ്റ്റിസ് റിച്ചാര്‍ഡ് വാഗ്‌നര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ചീഫ് ജസ്റ്റിസ് റിച്ചാര്‍ഡ് വാഗ്നറാണ് പുതിയ ഗവര്‍ണര്‍ ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലൂയിസ് അര്‍ബര്‍ സെനറ്റിലെ ചെയറില്‍ ഉപവിഷ്ടയായ നിമിഷം പാര്‍ലമെന്റ് ഹില്ലില്‍ നിന്ന് 21 ഗണ്‍ സല്യൂട്ട് നല്‍കി രാജ്യം പുതിയ പ്രതിനിധിയെ ആദരിച്ചു. തുടര്‍ന്ന് കനേഡിയന്‍ സായുധ സേനയുടെ സെന്‍ട്രല്‍ ബാന്‍ഡ് ‘ഗോഡ് സേവ് ദി കിംഗ്’ എന്ന ഗീതം ആലപിക്കുകയും പീസ് ടവറില്‍ ഗവര്‍ണര്‍ ജനറലിന്റെ ഔദ്യോഗിക പതാക ഉയര്‍ത്തുകയും ചെയ്തു. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലുള്ള സംഗീതാലാപനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

അന്താരാഷ്ട്ര നിയമ രംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ലൂയിസ് അര്‍ബര്‍. യുഗോസ്ലാവിയ, റുവാണ്ട എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലുകളുടെ ചീഫ് പ്രോസിക്യൂട്ടറായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ (മുന്‍ സെര്‍ബിയന്‍ പ്രസിഡന്റ് സ്ലോബോദാന്‍ മിലോസെവിച്ച്) മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് ലൂയിസ് അര്‍ബറാണ്. കാനഡയുടെ സുപ്രീം കോടതി ജഡ്ജിയായിരുന്ന അവര്‍ പിന്നീട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. പുതിയ ചുമതലയേറ്റതോടെ കാനഡ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് പദവിയും ഇനി ലൂയിസ് അര്‍ബറിന് സ്വന്തമാണ്.

കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഒരുപോലെ പ്രാവീണ്യമുള്ള മോണ്‍ട്രിയല്‍ സ്വദേശിയായ അര്‍ബറുടെ നിയമനം രാജ്യം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കാബിനറ്റ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക, പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുകയോ പിരിച്ചുവിടുകയോ ചെയ്യുക, ബില്ലുകള്‍ക്ക് രാജകീയ അനുമതി നല്‍കുക തുടങ്ങിയവയാണ് കനേഡിയന്‍ ഗവര്‍ണര്‍ ജനറലിന്റെ പ്രധാന ചുമതലകള്‍.