90 വയസ്സുള്ള തന്റെ അമ്മായിയമ്മയെയും ചുമലിലേറ്റി കത്തുന്ന വെയിലിൽ കാട്ടുപാതകളിലൂടെയും പാറക്കെട്ടുകളിലൂടെയും അരുവികളിലൂടെയും ഒരു സ്ത്രീ നടന്നു നീങ്ങുകയാണ്. പഴയ വിക്രം-വേതാളം കഥകളെ ഓർമ്മിപ്പിക്കുന്നതാണ് ഈ വൈറൽ ദൃശ്യങ്ങൾ. ദുർഘടവും കാഠിന്യമേറിയതുമായ ഭൂപ്രകൃതിയിലൂടെ ഒരാൾ മറ്റൊരാളെ പുറത്ത് ചുമന്ന് നടക്കുന്നു. എന്നാൽ ഇതൊരു നാടോടിക്കഥയല്ല, ഛത്തീസ്ഗഡിലെ ഒരു ഉൾഗ്രാമ പ്രദേശത്ത് അടിസ്ഥാന ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ്.
സർഗുജ ജില്ലയിലെ മെയ്ൻപത് മേഖലയിൽ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, ഉൾഗ്രാമങ്ങളിൽ ക്ഷേമപദ്ധതികൾ എത്തിക്കുന്നതിലെ യാഥാർത്ഥ്യങ്ങളെ കുറിച്ച് വിണ്ടും ചർച്ചകൾ ഉയർത്താൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് തന്റെ വയോധികയായ അമ്മായിയമ്മയ്ക്ക് ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങുന്നതിനായി അവരെ ചുമലിലേറ്റി ഏകദേശം 9 കിലോമീറ്റർ നടന്നത്. വനമേഖലയായ ഇവിടെ ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ, അടിസ്ഥാന സേവനങ്ങൾക്ക് പോലും ഗ്രാമീണർ കഠിനമായ പാതകളിലൂടെയും അരുവികളിലൂടെയും ദീർഘദൂരം കാൽനടയായി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.



