അമേരിക്ക നിർദ്ദേശിച്ച സമാധാന കരാറിന്റെ ഭാഗമായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുനൽകാൻ ഇറാൻ തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വിപുലമായ സമാധാന നീക്കങ്ങളുടെ ഭാഗമായി ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതിച്ചതായി രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ടുള്ള ഒരു കരാറിന് അമേരിക്കയും ഇറാനും അന്തിമരൂപം നൽകാൻ തയ്യാറെടുക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ മുന്നേറ്റം. നിർദ്ദിഷ്ട കരാറിന്റെ കൂടുതൽ വിവരങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആയുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള യുറേനിയം ശേഖരം വിട്ടുനൽകാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.



