കുട്ടികളുടെയും ചെറുപ്പക്കാരുടെയുമുൾപ്പെടെ പ്രായപൂർത്തിയാകാത്തവരുടെ, പ്രത്യേകിച്ച് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് രാജ്യത്തിൻറെ പുരോഗതിക്കും ഭാവിക്കും വേണ്ടിയുള്ള ഒരു മുതൽക്കൂട്ടാണെന്ന് സേവ് ദി ചിൽഡ്രൻ ഇറ്റലി പ്രസിഡന്റ് ക്ലൗദിയോ തെസൗറോ. ഏതൊരു രാജ്യവും, തങ്ങളുടെ അരികുവത്കരിക്കപ്പെട്ട ഇടങ്ങളിലെ കുട്ടികളെ അവഗണിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ പണയപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറ്റലിയിലെ 14 മെട്രോപൊളിറ്റൻ നഗരങ്ങളിലുമുള്ള പ്രായപൂർത്തിയാകാത്തവരിൽ പത്തിലൊന്ന് പേരും, പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്ന “ദുർബല” പ്രദേശങ്ങളിലാണ് കഴിയുന്നതെന്ന്, കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംബന്ധിച്ച്, മെയ് 21 വ്യാഴാഴ്ച റോമിൽ ഇമ്പോസ്സിബിൾ 2026 (IMPOSSIBILE 2026) എന്ന പേരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, പ്രസിഡന്റ് തെസൗറോ പ്രസ്താവിച്ചത്, സംഘടന ഇതേ ദിവസം ഒരു പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു.
ദുർബലപ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് സാംസ്‌കാരിക, സാമൂഹിക, കായിക, വിദ്യാഭ്യാസ, മനഃശാസ്ത്രമേഖലകളിൽ സഹായവും അവസരങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട നിയമനടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്ക് സാധാരണ ഇടങ്ങളിലേതിനേക്കാൾ കുറവ് സാധ്യതകളും അവസരങ്ങളും മാത്രമാണ് ചിലയിടങ്ങളിൽ ലഭിക്കുന്നതെങ്കിൽ അത് വിധിയുടെ ഭാഗമല്ല, മറിച്ച് രാഷ്ട്രീയമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് നാം മനസ്സിലാക്കണമെന്ന് സംഘടനാദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
സേവ് ദി ചിൽഡ്രൻ സംഘടനയുടെ പ്രദേശിക വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ ഒന്നരലക്ഷത്തോളം കുട്ടികളാണ് (1.42.000), സാമൂഹിക, സാമ്പത്തിക കുറവുകൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നത്. മെട്രോപൊളിറ്റൻ നഗരങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികൾ ഹൈസ്‌കൂൾ പഠനകാലത്ത് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നുണ്ടെന്നും സംഘടന അറിയിച്ചു.



