ആഗോളതലത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കെന്ന പേരിൽ രാജ്യങ്ങൾ നടത്തുന്ന ആയുധ നിക്ഷേപം ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ എത്തിനിൽക്കുന്നതിൽ ആശങ്കയറിയിച്ച് വത്തിക്കാൻ. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI), ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ഭീതിജനകമായ സൈനികച്ചെലവാണ് ഇപ്പോഴുള്ളത്. വിനാശകരമായ ഈ ആയുധപ്പോരാട്ടത്തെയും കോർപ്പറേറ്റ് ലാഭക്കൊതിയെയും അന്താരാഷ്ട്ര വേദികളിൽ പരസ്യമായി വിമർശിക്കാനും സമാധാനത്തിന്റെ പക്ഷത്തുനിൽക്കാനും വത്തിക്കാൻ മാത്രമാണ് ശക്തമായി മുന്നോട്ടുവരുന്നത്.
ലഭ്യമായ ആഗോള റിപ്പോർട്ടുകൾ പ്രകാരം, ലോകത്താകെ അറുപതിലധികം സായുധ പോരാട്ടങ്ങൾ സജീവമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ആകെ സൈനികച്ചെലവ് 2.9 ട്രില്യൺ ഡോളറിലേക്ക് (2.9 ലക്ഷം കോടി ഡോളർ) ഉയർന്നുകഴിഞ്ഞു. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയൊരു വർധനവാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ലോകത്തെ ആകെ ആയുധ നിക്ഷേപത്തിന്റെ 60 ശതമാനവും കൈയാളുന്നത് അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് വൻശക്തികൾ മാത്രമാണ് എന്നതാണ്. അമേരിക്ക ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ചൈനയും റഷ്യയും തങ്ങളുടെ സൈനിക വിഹിതം വൻതോതിൽ വർധിപ്പിച്ചുകൊണ്ട് തൊട്ടുപിന്നാലെയുണ്ട്. ജർമ്മനി, പോളണ്ട്, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വലിയ തോതിലാണ് ആയുധങ്ങൾക്കായി പണമൊഴുക്കുന്നത്.
പല രാജ്യങ്ങളും സുരക്ഷ ഉറപ്പാക്കാനാണ് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത് എന്ന് വാദിക്കുമ്പോഴും, യാഥാർഥ്യം നേരെ വിപരീതമാണെന്ന് സമാധാന പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ആയുധങ്ങളുടെ ഈ അനിയന്ത്രിതമായ നിർമ്മാണവും വിതരണവുമാണ് ലോകത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നത്. ആകെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 2.5 ശതമാനത്തോളം വരുന്ന ഈ ഭീമമായ തുക വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും യുദ്ധക്കൊതിയന്മാരായ ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥരെയും കോർപ്പറേറ്റുകളെയും മാത്രം സമ്പന്നരാക്കുകയും ചെയ്യുന്നു.
റോമിലെ ല സാപിയൻസ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഗോള ആയുധപ്പെരുപ്പത്തിനെതിരെയും പുതിയ സാങ്കേതികവിദ്യകളുടെ വിനാശകരമായ ഉപയോഗത്തിനെതിരെയും ശക്തമായ മുന്നറിയിപ്പ് നൽകി. സംഘർഷങ്ങളും പരസ്പര അവിശ്വാസവും മാത്രം വർധിപ്പിക്കുന്ന ആയുധശേഖരണത്തെ ‘പ്രതിരോധം’ എന്ന് വിളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, യുദ്ധമേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മനുഷ്യത്വമില്ലാത്ത കൂട്ടക്കുരുതികൾക്ക് കാരണമാകുമെന്നും, ഇത് മനുഷ്യന്റെ ധാർമ്മികമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രെയ്നിലും ഗാസയിലും പലസ്തീനിലും ലെബനനിലും ഇറാനിലും ഇന്ന് ദൃശ്യമാകുന്ന ദുരന്തങ്ങൾ സാങ്കേതികവിദ്യയും യുദ്ധ ഭ്രാന്തും കൈകോർക്കുമ്പോൾ സംഭവിക്കുന്ന വലിയ വിനാശത്തെയാണ് കാണിക്കുന്നത്. ലോകരാജ്യങ്ങളുടെ പഠനങ്ങളും ഗവേഷണങ്ങളും നിക്ഷേപങ്ങളും യുദ്ധത്തിനായല്ല, മറിച്ച് മനുഷ്യജീവൻ നിലനിർത്തുന്നതിനായാണ് വിനിയോഗിക്കേണ്ടത്. നിരപരാധികളുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനവും നീതിയും ആഗ്രഹിക്കുന്ന ജനതകളുടെ നിലവിളികൾക്ക് കാതോർക്കാനും ലോകം തയ്യാറാകണമെന്ന വത്തിക്കാന്റെ സന്ദേശം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.



