ഉദയനിധി സ്റ്റാലിന്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. നടന്‍ വിജയ്‌യുടെ  നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചതിനെ തുടര്‍ന്നാണ് പ്രതികരണം. ചെന്നൈയില്‍ നടന്ന ഡിഎംകെ യോഗത്തില്‍ സംസാരിക്കവെ, “കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്” എന്ന് ഉദയനിധി സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

എം കെ സ്റ്റാലിന്‍റുടെയും ഡിഎംകെ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ അടിസ്ഥാന നന്ദിയോ രാഷ്ട്രീയ മര്യാദയോ കാണിക്കാതെ കോണ്‍ഗ്രസ് മുന്നണി വിട്ടുവെന്നും ഉദയനിധി വിമര്‍ശിച്ചു.

“കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞത് ഡിഎംകെ പ്രവര്‍ത്തകരുടെ ശക്തിയാലാണ്. എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. പക്ഷേ ചില സ്ഥാനങ്ങള്‍ക്കായി ഞങ്ങളെ അറിയിക്കാതെ മുന്നണി വിട്ടു,” എന്നാണ് ഉദയനിധിയുടെ ആരോപണം.

ഇനി കോണ്‍ഗ്രസിനെ ഡിഎംകെയിലേക്ക് അടുപ്പിക്കില്ലെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിജെപി വളരാന്‍ കാരണക്കാരും കോണ്‍ഗ്രസാണെന്ന് ഉദയനിധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസാണ് അതിന് വഴി ഒരുക്കിയതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാകാതിരുന്ന ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമായത്.