കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഭർത്താവിനെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച വൈകിട്ടോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഫാത്തിമത്ത് സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മാതാപിതാക്കൾ ഭർതൃവീട്ടിലെത്തിയിരുന്നു. ഇതിനിടെ വീട്ടിലേക്ക് പോയാൽ ഇനി തിരിച്ചുവരേണ്ടെന്നു ഭർത്താവ് പറഞ്ഞതായാണ് ബന്ധുക്കളുടെ ആരോപണം.മഹറായി നൽകിയ മാലയുമടക്കം ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സുഫൈദയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസവും സുഫൈദയുടെ ഭർത്താവിന്റെ വീട്ടിൽ സ്വർണവുമായി ബന്ധപ്പെട്ട് വലിയ തർക്കം നടന്നിരുന്നു. പിന്നാലെ വീട്ടില് സൂക്ഷിച്ച ആസിഡ് ഫാത്തിമത്ത് സുഫൈദ കുടിക്കുകയായിരുന്നു.ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്ന് നിരന്തരം മാനസികവും ശാരീരികവുമായി പീഡനം നേരിട്ടിരുന്നുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.മരിച്ച ഫാത്തിമത്ത് സുഫൈദയ്ക്ക് രണ്ടു മാസം പ്രായമുള്ള കുഞ്ഞുണ്ട്



