മുപ്പതിനായിരം അടി ഉയരത്തില്‍ പറന്നുയര്‍ന്ന യാത്രാ വിമാനത്തില്‍ പൈലറ്റിന് പെട്ടെന്ന് ഹൃദയാഘാതം. നിയന്ത്രണം നഷ്ടമായി വിമാനം താഴേക്ക് കൂപ്പുകുത്തിയതോടെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ ഫസ്റ്റ് ഓഫീസറുടെ മനസ്സാന്നിധ്യവും അടിയന്തര ഇടപെടലും പ്രാണരക്ഷയായി. 220 യാത്രക്കാരുമായി പറന്ന വിമാനം പോര്‍ച്ചുഗലിലെ പോര്‍ട്ടോ വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി.
സ്പെയിനിലെ ടെനറൈഫില്‍ നിന്ന് ബ്രിട്ടനിലെ ബര്‍മിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന ‘ജെറ്റ് 2’ (Flight LS1266) വിമാനത്തിലാണ് അര്‍ധരാത്രിക്ക് ശേഷം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വിമാനം തങ്ങളുടെ യാത്രാമധ്യേയുള്ള സാധാരണ ഉയരത്തില്‍ സഞ്ചരിക്കുമ്പോഴാണ് ക്യാപ്റ്റന്‍ കടുത്ത ശാരീരിക അസ്വസ്ഥതയും ഹൃദയാഘാതവും ഉണ്ടായത്. ഇതോടെ വിമാനം പെട്ടെന്ന് താഴ്ചയിലേക്ക് കുതിക്കാന്‍ തുടങ്ങി. ക്യാബിനില്‍ അപായ സൂചന നല്കുന്ന ലൈറ്റുകള്‍ തെളിഞ്ഞതോടെ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പടര്‍ന്നു.
വിമാന ജീവനക്കാര്‍ (കാബിന് ക്രൂ) കരഞ്ഞുകൊണ്ട് മെഡിക്കല്‍ സഹായത്തിനായി യാത്രക്കാരുടെ ഇടയിലേക്ക് ഓടിയെത്തിയതായി സാക്ഷികള്‍ പറയുന്നു. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും മെഡിക്കല്‍ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് എയര്‍ഹോസ്റ്റസുമാര്‍ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. വിമാനം അതിവേഗം താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഭയന്നുവിറച്ച് കരയാന്‍ തുടങ്ങി.
ക്യാപ്റ്റന്റെ അവസ്ഥ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ സഹ പൈലറ്റ് ഒട്ടും സമയം കളയാതെ വിമാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അതീവ ഗുരുതര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ‘മെയ്ഡേ’ സന്ദേശം അയക്കുകയും ഏറ്റവും അടുത്തുള്ള റണ്‍വേയിലേക്ക് വിമാനം തിരിച്ചുവിടാന്‍ അനുമതി തേടുകയും ചെയ്തു.
ഫസ്റ്റ് ഓഫീസറുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.11-ഓടെ വിമാനം പോര്‍ച്ചുഗലിലെ പോര്‍ട്ടോ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. റണ്‍വേയില്‍ സജ്ജമായിരുന്ന മെഡിക്കല്‍ സംഘം വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ കോക്ക്പിറ്റിലേക്ക് പ്രവേശിക്കുകയും പൈലറ്റിന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 220 യാത്രക്കാരും സുരക്ഷിതരാണെന്ന് ജെറ്റ് 2 വിമാനക്കമ്പനി അറിയിച്ചു. സാങ്കേതികമായി ഒരിടത്തും വിമാനത്തിന്റെ സുരക്ഷ അപകടത്തിലായിട്ടില്ലെന്നും അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും കമ്പനി വ്യക്തമാക്കി. തുടര്‍ന്ന് മാഞ്ചസ്റ്ററില്‍ നിന്നും മറ്റൊരു പൈലറ്റിനെ എത്തിച്ചാണ് യാത്രക്കാരെ പിന്നീട് ബര്‍മിംഗ്ഹാമില്‍ എത്തിച്ചത്.



