ആഗോള വാഹന നിർമ്മാണ ഭീമനായ സ്റ്റെല്ലാന്റിസ് തങ്ങളുടെ ചൈനീസ് പങ്കാളിയായ ഷെജിയാങ് ലീപ്‌മോട്ടോർ ടെക്നോളജിയുമായി  ചേർന്ന് കാനഡയിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) നിർമ്മിക്കാൻ ഒരുങ്ങുന്നു. ഒന്റാറിയോയിലെ ബ്രാംപ്ടണിലുള്ള ( അടച്ചുപൂട്ടിയ പ്ലാന്റ് ഇതിനായി പ്രയോജനപ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

2023-ൽ ലീപ്‌മോട്ടോറിന്റെ 21 ശതമാനം ഓഹരികൾ 1.6 ബില്യൺ ഡോളറിന് സ്റ്റെല്ലാന്റിസ് വാങ്ങിയിരുന്നു. ഇരു കമ്പനികളും ചേർന്ന് രൂപീകരിച്ച ‘ലീപ്‌മോട്ടോർ ഇന്റർനാഷണൽ’ എന്ന സംയുക്ത സംരംഭത്തിൽ സ്റ്റെല്ലാന്റിസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള ബ്രാംപ്ടൺ അസംബ്ലി പ്ലാന്റ് ആധുനികവൽക്കരണത്തിനായി 2024-ലാണ് അടച്ചുപൂട്ടിയത്. 2025-ൽ ‘ജീപ്പ് കോമ്പസ്’ നിർമ്മാണത്തോടെ ഇത് വീണ്ടും തുറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി (Tariff) ഏർപ്പെടുത്തിയതോടെ ഈ പദ്ധതി താത്കാലികമായി നിർത്തിവെച്ചിരുന്നു.

കാനഡയിൽ ഉത്പാദനം തുടരുമെന്ന കരാറിൽ വൻതോതിൽ സാമ്പത്തിക സഹായം കൈപ്പറ്റിയ ശേഷം പിന്മാറിയ സ്റ്റെല്ലാന്റിസിനെതിരെ കാനഡ സർക്കാർ നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഉത്പാദനം തിരികെ കൊണ്ടുവരുന്നതിനായി നവംബറിൽ ഇരുവിഭാഗവും ചർച്ചകൾ ആരംഭിച്ചു.

കാനഡയിലെ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിനിധികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് സ്റ്റെല്ലാന്റിസ് അറിയിച്ചു. ഇലക്ട്രിക് വാഹന നിർമ്മാണം സംബന്ധിച്ച ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.