ബുധനാഴ്ച ലോക്സഭയിൽ നടന്ന ബജറ്റ് ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെയും രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെ ‘സേവകരുടെ ഉടമ്പടി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA) ആണ് ചർച്ചകൾ നടത്തിയിരുന്നതെങ്കിൽ ട്രംപിനോട് തുല്യനിലയിൽ സംസാരിക്കുമായിരുന്നുവെന്ന് പറഞ്ഞു.
ഭരണപക്ഷ അംഗങ്ങളുടെ മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു രാഹുലിൻ്റെ ആഞ്ഞടിക്കൽ. ട്രംപിൻ്റെ നിബന്ധനകൾക്ക് വഴങ്ങിക്കൊടുക്കുക വഴി ഇന്ത്യയുടെ വിലപേശൽ ശേഷി സർക്കാർ ഇല്ലാതാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



