ക്രൈസ്തവർക്കെതിരായ വിവേചനവും പീഡനവും എല്ലാ അക്രമങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. നവംബർ 16 ന്, ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷമാണ് പാപ്പ യുദ്ധവും അക്രമങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്കായി പ്രത്യേക അഭ്യർഥന നടത്തിയത്.
“പ്രത്യേകിച്ച് ബംഗ്ലാദേശ്, നൈജീരിയ, മൊസാംബിക്ക്, സുഡാൻ എന്നിവിടങ്ങളിലെ വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ, മറ്റു രാജ്യങ്ങളിലെ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിലുണ്ട്. ദൈവം തന്റെ എല്ലാ മക്കൾക്കും സമാധാനം ആഗ്രഹിക്കുന്ന കരുണയുള്ള പിതാവാണ്!” – പാപ്പ വെളിപ്പെടുത്തി.
അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു മേഖലയിലെ കുടുംബങ്ങളോടുള്ള തന്റെ അടുപ്പം മാർപാപ്പ പ്രകടിപ്പിച്ചു. ബയാംബ്വെ ഗ്രാമത്തിലെ കത്തോലിക്കാ സഭയുടെ ഒരു ആശുപത്രിയിൽ തീവ്രവാദികൾ സാധാരണക്കാരായ ഇരുപതോളം പേരെ കൊലപ്പെടുത്തി. “എല്ലാ അക്രമങ്ങളും അവസാനിപ്പിച്ച് വിശ്വാസികൾ പൊതുനന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം” – പാപ്പ കൂട്ടിച്ചേർത്തു.



