അഡ്ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഓസീസ് താരം ട്രാവിസ് ഹെഡുമായി വാക്കുതർക്കത്തിലേർപ്പെട്ട് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. 141 പന്തുകൾ നേരിട്ട് 140 റൺസെടുത്ത ട്രാവിസ് ഹെഡ് പുറത്തായതിന് പിന്നാലെയാണ് സംഭവം. സിറാജിന്റെ പന്തിൽ ഓസീസ് ബാറ്റർ ബൗൾഡാകുകയായിരുന്നു. സിറാജിന്റെ ഒരോവറിൽ ഓരോ സിക്സും ഫോറും നേടിയശേഷമാണ് ഹെഡ് ഔട്ടായത്.

ഗ്രൗണ്ട് വിടുന്നതിനിടയിൽ ഹെഡ് സിറാജിനോട് എന്തോ പറയുന്നതും സിറാജ് കയറിപ്പോകാൻ ആംഗ്യം കാണിക്കുന്നതും ഹെഡിനെ നോക്കിപ്പേടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 


ഇതിന് പിന്നാലെ താൻ എന്താണ് സിറാജിനോട് സംസാരിച്ചതെന്ന് വെളിപ്പെടുത്തി ട്രാവിസ് ഹെഡ് രംഗത്തെത്തി. ‘നന്നായി ബൗൾ ചെയ്തു എന്നാണ് ഞാൻ സിറാജിനോട് പറഞ്ഞത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അതിൽ അൽപം നിരാശയുണ്ട്. അങ്ങനെയാണ് അവർക്ക് പ്രതികരിക്കാൻ കഴിയുന്നതെങ്കിൽ അങ്ങനെത്തന്നെയാകട്ടെ.’-ഇതായിരുന്നു ഹെഡിന്റെ പ്രതികരണം. രണ്ടാം ദിവസത്തെ മത്സരശേഷം ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു ഹെഡ്.

എന്നാൽ ഹെഡിന്റെ ഈ പ്രതികരണത്തെ വിമർശിച്ച് ഇന്ത്യൻ ആരാധകർ രംഗത്തെത്തി. അത് ഓസ്ട്രേലിയയുടെ മാത്രം ഭാഗമാണെന്നും സിറാജിന്റെ
പ്രതികരണം അറിഞ്ഞശേഷമേ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുകയുള്ളൂവെന്നും ഇന്ത്യൻ ആരാധകർ പറയുന്നു. സ്ലെഡ്ജിങ്ങിന്റെ കാര്യത്തിൽ ഓസ്ട്രേലിയക്കാർ അത്ര മോശമല്ലെന്നും ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 

എന്നാൽ സിറാജിനെതിരേയാണ് ഇന്ത്യയുടെ മുൻ താരം ഗാവസ്ക്കർ പ്രതികരിച്ചത്. സിറാജിന്റെ പ്രവർത്തി അനാവശ്യമായിരുന്നെന്നും സെഞ്ചുറി നേടിയ ഒരു കളിക്കാരന് അങ്ങനെയായിരുന്നില്ല യാത്രയയപ്പ് നൽകേണ്ടിയിരുന്നതെന്നും ഗാവസ്ക്കർ പറഞ്ഞു. കൈയടിച്ചാണ് ഹെഡിനെ സിറാജ് യാത്രയാക്കിയിരുന്നതെങ്കിൽ ഇന്ത്യൻ താരം ഹീറോ ആയി മാറിയേനെ എന്നും ഗാവസ്ക്കർ കൂട്ടിച്ചേർത്തു.

ടെസ്റ്റിന്റെ ആദ്യ ദിവസം ഓസീസ് ബാറ്റർ മാർനസ് ലബൂഷെയ്നോടും സിറാജ് ദേഷ്യപ്പെട്ടിരുന്നു. ലബൂഷെയ്നുനേരെ സിറാജ് പന്ത് വലിച്ചെറിഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സിറാജ് റൺഅപ് പൂർത്തിയാക്കിയതിനുപിന്നാലെ ലബൂഷെയ്ൻ ബാറ്റിങ്ങിൽനിന്ന് പിന്മാറിയതാണ് ഇന്ത്യൻ പേസറെ പ്രകോപിപ്പിച്ചത്. 

സിറാജ് പന്തെറിയാൻ വരുന്നതിനിടെ സൈറ്റ് സ്ക്രീനിങ്ങിന് മുന്നിലൂടെ ഒരാൾ നടന്നുനീങ്ങിയതോടെയാണ് ലബൂഷെയ്ൻ പിന്മാറിയത്. തന്റെ കാഴ്ച്ചയേയും ഏകാഗ്രതയേയും ബാധിച്ചതിനാലാണ് താരം ക്രീസിൽ നിന്ന് മാറിയത്. ഇത് വിശദീകരിക്കാൻ ഓസീസ് താരം ശ്രമിച്ചെങ്കിലും സിറാജ് ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു. 

ഒന്നാമിന്നിങ്സിൽ സിറാജ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്രാവിസ് ഹെഡിനെ കൂടാതെ അലക്സ് കാരിയേയും മിച്ചൽ സ്റ്റാർക്കിനേയും സ്കോട്ട് ബോളണ്ടിനേയും സിറാജ് പുറത്താക്കി.