ഇറാഖി ക്രൈസ്തവർ വീണ്ടും അവരുടെ ജന്മനാട്ടിൽനിന്നും പലായനം ചെയ്യുകയാണ്. നിരവധി കുടുംബങ്ങൾ രാജ്യംവിട്ട് ഓസ്‌ട്രേലിയ പോലുള്ള വിദൂരസ്ഥലങ്ങളിലേക്കു പോകുന്നു. അതിനുമുൻപായി താൽക്കാലികമായി ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത് അയൽരാജ്യങ്ങളിലാണ്.

വടക്കൻ ഇറാഖിലെ ബഖ്ദിദയിലുണ്ടായ ദാരുണമായ തീപിടിത്തത്തെ തുടർന്നാണ് 2023 അവസാനത്തോടെ ഈ പുതിയ കുടിയേറ്റതരംഗം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇപ്പോൾ താരതമ്യേന സുരക്ഷിതമായ കുർദിസ്ഥാൻ മേഖലയിൽ താമസിക്കുന്ന ക്രിസ്ത്യാനികളെപ്പോലും ബാധിക്കുന്ന തരത്തിൽ പലായനം ഭീകരമായി തുടരുകയാണ്. മാന്യമായ ജീവിതം ഉറപ്പുനൽകുന്ന വിദേശത്ത് സുരക്ഷിതമായ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന ഉറപ്പാണ് ഈ കൂട്ടപ്പലായനത്തിന്റെ പിന്നിലെ കാരണം.

ഇറാഖിനുള്ളിൽ, കാലതാമസമുള്ള ശമ്പളം, വൈദ്യുതിമുടക്കം, ജലക്ഷാമം, മറ്റു വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികൾ ഉള്ളതിനാൽ ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ മറ്റെവിടെയെങ്കിലും പൗരത്വം തേടുന്നവരുമുണ്ട്. തങ്ങളുടെ മാതൃരാജ്യത്ത് ഒറ്റപ്പെടുന്നതിനുപകരം വിദേശത്തുള്ള മറ്റു കുടുംബാംഗങ്ങളുമായി ഒന്നിക്കാനും ഒരുപാട് ആളുകൾ ശ്രമിക്കുന്നുണ്ട്.