മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളായ സുർജേവാല, സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവർ ബെംഗളൂരുവിൽ ഷെട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു ദിവസം മുമ്പ് അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായി ചർച്ച നടത്തി. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ബിജെപി എംഎൽഎ സ്ഥാനം രാജിവെച്ചു.
സംസ്ഥാനത്ത് മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാത്തതിൽ ഷെട്ടാർ അസ്വസ്ഥനായിരുന്നു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകാതെ അപമാനിച്ചെന്നും ഭരണകക്ഷിയിൽ തനിക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഷെട്ടർ ആരോപിച്ചിരുന്നു.
തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് രാജിവെക്കുന്നതിന് മുമ്പ് ഷെട്ടാർ ആരോപിച്ചു. താൻ ഒരിക്കലും കർക്കശക്കാരനല്ലെന്നും എന്നാൽ പാർട്ടി തന്നെ അങ്ങനെ ആകാൻ നിർബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്നെ അപമാനിച്ച രീതി പാർട്ടി നേതാക്കൾക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഷെട്ടാർ പറഞ്ഞു. പാർട്ടി നേതാക്കൾ എന്നെ അവഗണിച്ച രീതി എന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് മിണ്ടാതെ ഇരിക്കേണ്ടെന്നും അവരെ വെല്ലുവിളിക്കണമെന്നും തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.



