മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനായ തത്ത്വചിന്തകൻ അലക്സാണ്ടർ ഡുഗിന്റെ മകൾ ദാരിയ ഡുഗിന(30) മോസ്കോയ്ക്കു സമീപം കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘പുടിന്റെ തലച്ചോറ് ’, ‘പുടിന്റെ റാസ്പുടിൻ ’ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഡുഗിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നു കരുതപ്പെടുന്നു.
റഷ്യൻ ഭരണകൂടത്തിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത ഡുഗിൻ കടുത്ത ദേശീയവാദിയും പാശ്ചാത്യവിരുദ്ധനുമായിരുന്നു. ആക്രമണോത്സുകത പുലർത്തുന്ന ഡുഗിന്റെ നിലപാടുകൾ പുടിന്റെ ലോകവീക്ഷണവും വിദേശനയവും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണു പറയപ്പെടുന്നത്.
ഡുഗിനും പ്രമുഖ മാധ്യമപ്രവർത്തകകൂടിയായ മകൾ ദാരിയയും ശനിയാഴ്ച വൈകുന്നേരം മോസ്കോയ്ക്കു സമീപം സാക്കറോവോ എസ്റ്റേറ്റിൽ നടന്ന കലോത്സവത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ആക്രമണത്തിനിരയായത്. ഇരുവരും ഒരു കാറിലാണു മടങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും ഡുഗിൻ അവസാന നിമിഷം മനസുമാറ്റി മറ്റൊരു കാറിൽ കയറി.
ദാരിയ കയറിയ കാറിന്റെ അടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്നു റഷ്യൻ അന്വേഷകർ പറഞ്ഞു.
സംഭവത്തിൽ പങ്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേശകൻ മൈക്കിളോ പൊഡോൾയാക് പ്രതികരിച്ചു.
ആക്രമണത്തിൽ യുക്രെയ്ന്റെ പങ്ക് കണ്ടെത്തിയാൽ അതു സർക്കാരിന്റെ തീവ്രവാദപ്രവർത്തനമായി പരിഗണിക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ പറഞ്ഞു.
2014ൽ റഷ്യൻ പട്ടാളം യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തതിൽ അലക്സാണ്ടർ ഡുഗിനും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തിനെതിരേ പാശ്ചാത്യശക്തികൾ ഉപരോധം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി പിന്തുണച്ചിരുന്ന ദാരിയയ്ക്കെതിരേയും ഉപരോധം ഉണ്ടായിരുന്നു.



