ആഗ്ര: ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തില്‍ ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തു.

സംഭവത്തില്‍ അധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാര്‍ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു.

ട്യൂഷന്‍ ഫീസ് ഒരു മാസം 250 രൂപയായിരുന്നു . എല്ലാ മാസവും 25-ാം തീയതിയാണ് വിദ്യാര്‍ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അധ്യാപകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.