സര്‍ക്കാരും കിറ്റെക്‌സും തമ്മിലുള്ള സമവായ സാധ്യതകള്‍ മങ്ങുന്നു. 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്നു കിറ്റെക്സ് പിന്മാറുമെന്നു ഉറപ്പായി . കിറ്റെക്സിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം . ഇതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സില്‍ വിവിധ വകുപ്പുകള്‍ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി രാജീവ്‌ ഇന്നലെ പറഞ്ഞത് . കിറ്റെക്‌സുമായി തെന്നിയ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കലാണു ലക്ഷ്യമിടുന്നത് . കിറ്റെക്സിന്‍റെ നടത്തിപ്പില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് പി.ടി തോമസ് എം.എല്‍.എയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി നിരന്തരം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ കിറ്റെക്സ് എം.ഡി ഉറച്ചുനില്‍ക്കുകയാണ് . തമിഴ്നാട് തെലങ്കാന ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളില്‍നിന്ന് നിക്ഷേപത്തിന് ക്ഷണമുണ്ടെന്നു കിറ്റെക്സ് എംഡി പറയുന്നു . അതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമവായ ചര്‍ച്ചാ സാധ്യതകള്‍ മങ്ങിയതോടെ 3500 കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത അടഞ്ഞ അധ്യായമാണെന്ന് കിറ്റെക്സ് എം.ഡിയുടെ വാക്കുകളില്‍ വ്യക്തമാണ് . പദ്ധതിയില്‍ നിന്നു പിന്മാറുന്നതോടെ കേരളത്തെ കിറ്റെക്സ് അപകീര്‍ത്തിപ്പെടുത്തിയെന്ന വാദം ഉയര്‍ത്തിയാകും സര്‍ക്കാരിന്‍റെ പ്രതിരോധം . വിഷയത്തില്‍ പ്രതിപക്ഷ നിലപാടും ശ്രദ്ധേയമാകും.