ന്യൂഡല്‍ഹി:നാവിക സേനാംഗങ്ങള്‍ സ്​മാര്‍ട്ട്​ ഫോണും ഫേസ്​ബുക്കും​ ഉപയോഗിക്കുന്നതിന്​ വിലക്ക്​. നാവിക മേഖലകളില്‍ സ്​മാര്‍ട്ട്​ ഫോണുകള്‍ ഉപയോഗിക്കരുതെന്ന്‌ ഡിസംബര്‍ 27ന്​ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. യുദ്ധക്കപ്പലുകളിലും സ്‌മാര്‍ട്ട്‌ഫോണിന്‌ വിലക്കുണ്ട്‌.

നാവിക താവളങ്ങള്‍, നിര്‍മാണ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്​മാര്‍ട്ട്​ ഫോണോ മറ്റ്​ സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കരുത്​.തന്ത്രപ്രധാന വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോരുന്നത്​ തടയാനാണ്​ നടപടി.

മെസേജിങ്​ ആപ്പുകള്‍, നെറ്റ്​വര്‍ക്കിങ്​, ​ബ്ലോഗിങ്​ എന്നിവയും ഇ -​കൊമേഴ്​സ്​ സൈറ്റുകള്‍ ഉപയോഗിക്കുന്നതും വിവരങ്ങള്‍ പങ്കുവെക്കുന്നതും വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക്‌ ലോഡുചെയ്യുന്നതിനും വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

ഡിസംബര്‍ 20ന്​ ഹവാല ഇടപാടുമായി ബന്ധപ്പെട്ട്​ വിശാഖപ്പട്ടണത്തില്‍ നിന്നും എട്ട്​ നാവിക ഉദ്യോഗസ്ഥര്‍ അറസ്​റ്റിലായിരുന്നു. തുടര്‍ന്ന്​ ആന്ധ്രാപ്രദേശ്​ രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജന്‍സിയുമായും കേന്ദ്ര ഏജന്‍സിയുമായും സഹകരിച്ച്‌​ അന്വേഷണം നടത്തയപ്പോള്‍ പാകിസ്​ഥാനുമായി ബന്ധപ്പെട്ട ചാരപ്രവര്‍ത്തനം നടത്തുന്ന റാക്കറ്റുകള്‍ സജീവമാണെന്ന്​ കണ്ടെത്തി. ഇതാണ്‌ പുതിയ ഉത്തരവിറക്കാന്‍ കാരണം.