തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനൊരുങ്ങി പ്രതിപക്ഷം. നാളെ നടക്കാനിരിക്കുന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

‘പൗരത്വ നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരാണ്. ഇതിനോട് കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷത്തിനുള്ളത്. ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.

ഈ അവസരത്തിലാണ് നിയമം വിജ്ഞാപനം ചെയ്യരുതെന്ന ആവശ്യവുമായി വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നാളെ നടക്കാനിരിക്കുന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് സ്പീക്കര്‍ക്കയച്ച നോട്ടിസില്‍ അദ്ദേഹം ആവശ്യപ്പെടുന്നത്.

അദ്ദേഹത്തിന്റെ ആവശ്യം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിക്കുമോ എന്ന കാര്യം സംശയമാണ്, പൗരത്വ നിയമ ഭേദഗതിക്കെതിരേ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് സഭയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനാണ് സാധ്യത. ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഒറ്റ കെട്ടായി ഈ വിഷയത്തെ നേരിടാനാണ് പ്രതിപക്ഷം തീരുമാനിച്ചത്.