ധാക്ക : ബംഗ്ലാദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് ഇതുവരെ മരിച്ചത് 50 ഓളം പേര്‍. മരിച്ചവരില്‍ 17 പേര്‍ ഗുരുതര ശ്വാസകോശ അണുബാധയെത്തുടര്‍ന്നും മറ്റ് 33 പേര്‍ വയറിളക്കവും മറ്റ് രോഗങ്ങള്‍ മൂലാമാണ് മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഡയറ്ക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യേഗസ്ഥ അയഷ അക്തര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രീ സെല്‍ഷ്യസാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 28 വരെ 50 ഓളം പേരാണ് തണുപ്പ് അതിജീവിക്കാനാകാതെ മരിച്ചത്.

തണുപ്പ് കൂടിയതിനെ തുടര്‍ന്ന് പകര്‍ച്ചപ്പനി, ന്യുമോണിയ എന്നീ അസുഖങ്ങള്‍ ബാധിച്ച്‌ നിരവധി പേര്‍ പല ആശുപത്രികളില്‍ പ്രവേശച്ചിട്ടുണ്ട്.

ദരിദ്ര രേഖയ്ക്ക് താഴെയുള്ള പ്രത്യേകിച്ച്‌ തൊഴിലാളികളെയാണ് ഏറ്റവുമധികം തണുപ്പ് ബാധിച്ചിരിക്കുന്നത്. തണുപ്പ് അകറ്റാന്‍ വേണ്ടി ധരിക്കുന്ന വസ്ത്രം പോലും ഇവര്‍ക്കില്ലെന്ന് അയിഷ വ്യക്തമാക്കി.

അതേസമയം തണുത്ത കാറ്റും മൂടല്‍മഞ്ഞും കൂടിയുള്ള അതിശൈത്യം ഒരാഴച കൂടി തുടരുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത മൂടല്‍മഞ്ഞും തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായും ചിലത് വൈകുമെന്നും വ്യേമസേന അധികൃതര്‍ അറിയിച്ചു.